Skip to main content

ഇൻഷുറൻസ് തുക കൈമാറി

പി.എം.ജെ.ജെ.ബി.വൈ,പി.എം.എസ്.ബി.വൈ. ഇൻഷുറൻസ് സ്കീമുകൾ പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ തുക കലക്ടർ ഡോ എൻ.തേജ് ലോഹിത് റെഡി ഉപഭോക്താവായ ബാലുശേരി ഇല്ലത്തു വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് കൈമാറി.കേരള ഗ്രാമീൺ ബാങ്ക് മാനേജർ വി. ടി. ഉഷ, ലീഡ് ജില്ലാ ബാങ്ക് മാനേജർ ടി. എം.മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

കേന്ദ്രസർക്കാരിന്റെ പ്രധാനപ്പെട്ട രണ്ട് ഇൻഷുറൻസ് പദ്ധതികളായ പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന എന്നീ പോളിസികളിലൂടെയാണ് ഈ കുടുംബത്തിന് 4 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചത്. വെറും 12 രൂപ അടച്ചു അംഗമാകാവുന്ന പോളിസിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ഭീമ യോജനയെങ്കിൽ വർഷം 330 രൂപയടച്ചു അംഗമാകാവുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ഭീമ യോജന. സമൂഹത്തിന്റെ താഴെ തട്ടുകളിൽ, പ്രത്യേകിച്ച് അപകടം പതിയിരിക്കുന്ന തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഈ രണ്ടു പദ്ധതികളും. രണ്ടു ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന ഈ രണ്ടു വ്യക്തിഗത ഇൻഷുറൻസ് പോളിസികൾക്കും ഒരുപാട് നേട്ടങ്ങളുണ്ട്.

പോളിസിയിൽ അംഗമായ ഒരാൾക്ക് അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അപകടം മൂലം മരണം സംഭവിക്കുകയോ അംഗവൈകല്യങ്ങൾ സംഭവിക്കുകയോ ചെയ്താൽ അയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയാണ് പി.എം.എസ്.ബി. വൈ. പോളിസി പ്രകാരം ലഭിക്കുക.ഭാഗികമായുണ്ടാവുന്ന അംഗവൈകല്യങ്ങൾക്ക് ഒരു ലക്ഷം രൂപ പരിരക്ഷ ലഭിക്കും. എന്നാൽ സ്വാഭാവിക മരണങ്ങൾക്ക് ഈ പോളിസി പ്രകാരം പരിരക്ഷ ലഭിക്കില്ല. പി. എം. ജെ. ജെ. ബി. വൈ പദ്ധതി പ്രകാരം സ്വാഭാവിക മരണങ്ങൾക്കും പരിരക്ഷ ലഭിക്കും.

പി.എം.എസ്.ബി. വൈ. പോളിസിയിൽ അംഗമാകാൻ ഒരാൾ പ്രതിവർഷം 12 രൂപയാണ് അടക്കേണ്ടത്. എന്നാൽ പി. എം. ജെ. ജെ. ബി. വൈ പോളിസിയിൽ അംഗമാകാൻ വർഷം 330 രൂപയാണ് അടയ്‌ക്കേണ്ടത്. രണ്ടു പോളിസികളുടെയും സബ്സ്ക്രിപ്ഷൻ കാലാവധി ഒരു വർഷമാണ്.

18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ളവർക്ക് പി.എം.എസ്.ബി. പോളിസിയിൽ അംഗമാകാം.  18 മുതൽ 50 വയസ്സ് വരെയാണ് പി. എം. ജെ. ജെ. ബി. വൈ പോളിസിയുടെ പ്രായപരിധി. 55 വയസ്സ് വരെ പരിരക്ഷ ലഭിക്കും.

പൊതുമേഖലാ ബാങ്കുകളും സ്വകാര്യ മേഖലാ ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിൽ അംഗമാകാൻ അക്കൗണ്ട് ഉള്ള ബാങ്കിൽ അപേക്ഷാ ഫോറം സമർപ്പിക്കണം. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കേണ്ടതാണ്. വരിക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് സേവനത്തിനായുള്ള തുക ഓരോ വർഷവും സ്വമേധയാ ഡെബിറ്റ് ചെയ്യും.

പോളിസി ഉടമ മരണപ്പെടുകയോ അപകടം സംഭവിക്കുകയോ ചെയ്താൽ അപകടം നടന്നു 30 ദിവസത്തിനുള്ളിൽ ക്ലെയിം അപേക്ഷ ഫോറത്തിനൊപ്പം ആവശ്യമായ രേഖകളുമായി ബാങ്കിനെ സമീപിക്കണം. ക്ലെയിം അപേക്ഷ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കും.

രാജ്യത്തെ ജനങ്ങൾക്കുണ്ടാകുന്ന അപകട മരണങ്ങളും വൈകല്യം മൂലമുള്ള ആനുകൂല്യങ്ങളും കവർ ചെയ്യുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വളരെ ചെറിയ തുകയ്ക്ക് ജീവൻ ഇൻഷുർ ചെയ്യാമെന്നതാണ് ഈ രണ്ടു പദ്ധതികളുടെയും പ്രത്യേകത.

date