Skip to main content

ഉദയം പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കിയ ഉദയം പദ്ധതിയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ചേവായൂര്‍ ഉദയം ഹോമില്‍ സിനിമാതാരം വിനോദ് കോവൂരും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു.

2020-ല്‍ ആരംഭിച്ച ഉദയം പദ്ധതിയിലൂടെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട 1400-ഓളം പേരെ പുനരധിവസിപ്പിക്കാന്‍ സാധിച്ചതായി കലക്ടര്‍ പറഞ്ഞു. ഏറെ മാതൃകാപരമായ പദ്ധതിയാണിത്. മറ്റു ജില്ലാ ഭരണകൂടങ്ങളും സമാനമായ പദ്ധതികളുമായി മുന്നോട്ടുവരുന്നത് പ്രചോദനാത്മകമാണ്. സന്നദ്ധസംഘടനകളുടെയും പൊതുജനത്തിന്റെയും സഹകരണത്തോടെ പ്രവര്‍ത്തിച്ചു വരുന്ന ഉദയം പദ്ധതിക്ക് തുടര്‍ന്നും എല്ലാവരും പിന്തുണ നല്‍കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.

നിലവില്‍ ചേവായൂര്‍, വെള്ളിമാടുകുന്ന്, മാങ്കാവ് എന്നിവിടങ്ങളിലാണ് ഉദയം ഹോമുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. വെള്ളയില്‍ സമുദ്ര ഓഡിറ്റോറിയത്തിനു സമീപത്തായി പണി കഴിപ്പിച്ച നാലാമത് ഹോം മാര്‍ച്ച് 27ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാര്‍ച്ച് 27ന് വൈകീട്ട് ഏഴ് മണിക്ക് ടാഗോര്‍ ഹാളില്‍ ഉദയനിലാ എന്ന പേരില്‍ സംഗീതനിശ സംഘടിപ്പിക്കും. വിധു പ്രതാപ്, ജ്യോത്സ്ന എന്നിവര്‍ക്കൊപ്പം റിയാലിറ്റി ഷോ താരങ്ങളായ അമല്‍ സി. അജിത്ത്, വിഷ്ണുവര്‍ധന്‍, കീര്‍ത്തന എന്നിവര്‍ പങ്കെടുക്കും. സംഗീത നിശയിലേക്കുള്ള പ്രവേശന പാസുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയോ റവന്യൂ ഓഫീസുകളിൽ നിന്നോ 98477 64000 എന്ന നമ്പരിൽ വിളിച്ചോ ബുക്ക് ചെയ്യാം.

പരിപാടിയുടെ ഭാഗമായി വിനോദ് കോവൂരിന്റെ നാടന്‍ പാട്ട് അരങ്ങേറി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അന്തേവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദയം പ്രൊജക്ട് സ്പെഷ്യല്‍ ഓഫീസര്‍ രാകേഷ് സ്വാഗതവും ഡെപ്യൂട്ടി കലക്ടര്‍ ഇ. അനിതാകുമാരി നന്ദിയും പറഞ്ഞു.

date