Skip to main content

വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ 14 ജില്ലകളിലുമായി 18 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലന പരിപാടികള്‍ ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന യോഗ്യരായ 30 പേരെ  തിരഞ്ഞെടുക്കും.

സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനായി സംരംഭകത്വ പരിശീലനത്തിനു പുറമെ ധൈര്യപൂര്‍വ്വം ജീവിത സാഹചര്യങ്ങളെ നേരിടുന്നതിനും, സ്വയം തീരുമാനമെടുക്കുന്നതിനും, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളും നടത്തും.

ആറ് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000  രൂപ സ്റ്റൈപ്പന്റ് നല്‍കും. മിനിമം യോഗ്യത പത്താം ക്ലാസ്. 35 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹ മോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കവും നിലവില്‍ തൊഴില്‍രഹിതരുമായവർക്ക് മുന്‍ഗണന.

പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകള്‍ക്ക് സ്വന്തമായി യൂണിറ്റുകള്‍ ആരംഭിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഭാവിയില്‍ സ്വയംപര്യാപ്തത നേടുന്നതിന് വേണ്ട സാഹചര്യം ഒരുക്കുന്നതിനുമാണ്  വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയില്‍ ഏപ്രിലിൽ നടക്കുന്ന  പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മേഖലാ ഓഫീസില്‍ മാര്‍ച്ച് 31നകം നൽകണം.  അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം വെക്കണം.

 വിലാസം: മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ് രണ്ടാംനില എരഞ്ഞിപ്പാലം, കോഴിക്കോട് പിന്‍ 673006. ഫോണ്‍ : 0495 2766454, 9496015010 ഇ-മെയിൽ: rokkd@kswdc.org

date