Skip to main content

പൊരുതി നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണം - ഡോ. ശ്രീവിദ്യ വട്ടാറമ്പത്ത്

പൊരുതി നേടിയ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെന്നും അതിനെ നഷ്ടപ്പെടുത്താതിരിക്കണമെന്നും ഡോ. ശ്രീവിദ്യ വട്ടാറമ്പത്ത്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാപ്പാട് ബ്ലൂ ഫ്‌ളാഗ് ഓപ്പണ്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ ആരംഭിച്ചിരുന്നു. ഒരുപാടുപേരുടെ ജീവത്യാഗത്തിന്റെ ഫലമായാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന കാര്യം നാം വിസ്മരിക്കരുതെന്നും  അവര്‍ പറഞ്ഞു.

 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വാസ്‌കോഡഗാമയുടെ ആഗമനവും വിദേശാധിപത്യവും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ബ്രിട്ടീഷ് അധിനിവേശവും മലബാറില്‍ വന്ന മാറ്റങ്ങളും എന്ന ഉപവിഷയവുമായി ബന്ധപ്പെട്ടാണ് ശ്രീവിദ്യ വട്ടാറമ്പത്ത് സംസാരിച്ചത്. ഡോ. വി അബ്ദുല്‍ ലത്തീഫ്, പി.എസ് ജിനീഷ് എന്നിവരും സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു.

ഗാമയുടെ ഇന്ത്യന്‍ പര്യവേഷണത്തിന്റെ ചരിത്ര യുക്തികള്‍ എന്ന വിഷയത്തിലാണ് ഡോ. വി അബ്ദുല്‍ ലത്തീഫ് സംസാരിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറവും സ്വാതന്ത്ര്യത്തെയും ചരിത്രത്തെയും കുറിച്ച് സംസാരിക്കുന്നതിലെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. വാസ്‌കോഡഗാമ ഇന്ത്യയിലേക്ക് നടത്തിയ ശ്രമകരമായ യാത്രയെ കുറിച്ചും ഗാമ എത്തിയ കാലഘട്ടത്തിലെ ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. ചരിത്രത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക വ്യാവസായിക ഇടപെടലുകളും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന മധ്യേഷ്യയിലെ സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

അധിനിവേശ വിരുദ്ധതയുടെ കോഴിക്കോടന്‍ വഴികള്‍ എന്ന വിഷയമാണ് പി.എസ് ജിനീഷ് അവതരിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെ പ്രസക്തിയേയും സ്വതന്ത്ര്യാനന്തര ഇന്ത്യയേയും ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന വിദേശ രാജ്യങ്ങളെയും താരതമ്യം ചെയ്ത് സംസാരിച്ചു. അധികാരം സ്ഥാപിച്ച രാജ്യങ്ങള്‍ക്ക് കോളനികള്‍ ബാധ്യതയാകുന്ന കാലത്തേക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുമീറ നന്ദിയും പറഞ്ഞു.

date