Skip to main content

തൃക്കൈക്കുത്ത് കടവില്‍ പാലം പ്രവൃത്തി പുരോഗതിയില്‍: എം.എല്‍.എ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു

മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളെയും നിലമ്പൂര്‍ നഗരസഭയെയും  ബന്ധിപ്പിക്കുന്ന തൃക്കൈക്കുത്ത് കടവില്‍ പാലത്തിന്റെ പ്രവൃത്തി പി.വി അന്‍വര്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി. തൂണുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് എം.എല്‍.എ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്. പാലം നിര്‍മാണത്തിന് സര്‍ക്കാര്‍ നേരത്തെ 10.90 കോടി രൂപ അനുവദിച്ചിരുന്നു. 2021 ഫെബ്രുവരിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 130 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുള്ള പാലത്തിന് നാല് തൂണുകളും രണ്ട് അബട്ട്‌മെന്റുമാണുള്ളത്.  ഇരുഭാഗങ്ങളിലുമായി 300 മീറ്റര്‍ അപ്രോച്ച് റോഡിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്. എട്ട് മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു. മമ്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂര്‍ പഞ്ചായത്തിലെ കാപ്പില്‍ കാഞ്ഞിരംപാടം പ്രദേശത്തെ ഏറെ നാളെത്തെ ആവശ്യമായിരുന്നു തൃക്കൈക്കുത്ത് കടവില്‍ പാലം നിര്‍മാണം. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് നിലമ്പൂരിലെത്തെണമെങ്കില്‍ പുളിക്കലൊടി വഴി 10 കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കണം. എന്നാല്‍ പാലം സാധ്യമാകുന്നതോടെ മൂന്നു കിലോമീറ്റര്‍ ദൂരം മാത്രമായി ചുരുങ്ങും. വാഴ, കപ്പ, കവുങ്ങ്, തെങ്ങ്, റബ്ബര്‍, മറ്റു പച്ചക്കറികള്‍ തുടങ്ങിയ കൃഷികള്‍ ചെയ്തു വരുന്ന ഇവിടം പൂര്‍ണമായും കാര്‍ഷിക മേഖലയാണ്. അതിനാല്‍  പാലം വരുന്നതോടെ ഏറെ ആശ്വാസം ലഭിക്കുക കര്‍ഷകര്‍ക്കാണ്. അതുപോലെ വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമാകും. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, കാപ്പില്‍ ജോയി, പി.അയ്യപ്പന്‍, ശിവാത്മജന്‍ എന്നിവരും എം.എല്‍.എക്കൊപ്പമുണ്ടായിരുന്നു.
 

date