Skip to main content

ഉപഭോക്തൃ ചൂഷണം അനുവദിക്കില്ല ലക്ഷ്യം സൗഹൃദ വിപണികള്‍  - മന്ത്രി ജി.ആര്‍. അനില്‍

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്‍പന്നങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില്‍  ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താന്‍ പരിശോധന ശക്തമാക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ , ലീഗല്‍ മെട്രോളജി വകുപ്പ്  മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഹാളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളുടെയും ഓഫീസ് സമുച്ചയത്തി ന്റെയും ശിലാസ്ഥാപനം കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.യഥാര്‍ത്ഥ അളവിലും തൂക്കത്തിലും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക, ഗുണമേന്‍മയുളള ഉല്‍പന്നങ്ങള്‍ ലഭിക്കുക, വിലയില്‍ വഞ്ചിതരാകാതിരിക്കുക, ബില്‍ ലഭിക്കുക മുതലായവ ഉപഭോക്താവിന്റെ അവകാശങ്ങളാണ്. എന്നാല്‍ ഒരു വിഭാഗം വ്യാപാരികളുടെ അനഭിലഷണിയമായ പ്രവൃത്തികള്‍ മൂലം ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. കൃത്രിമായി വില വര്‍ദ്ധിപ്പിക്കുന്നത് അടക്കമുളള ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍  ജാഗ്രത, ക്ഷമത എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉപഭോക്തൃ സൗഹൃദ വിപണിയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ജാഗ്രത ക്യാമ്പയനിലൂടെ സംസ്ഥാനത്താകെ 50,000 സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. അതുപോലെ പെട്രോള്‍ വിതരണ ബങ്കുകള്‍ കേന്ദ്രീകരിച്ച് ക്ഷമത എന്ന പേരിലും പരിശോധന നടത്തും. സംസ്ഥാനത്താകെ 1000 പമ്പുകളില്‍ പരിശോധന നടത്താനാണ് ലക്ഷ്യമിടുന്നത്. പരിശോധന വിവരങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഉദ്യോഗസ്ഥര്‍ ലഭ്യമാക്കണം. ഇക്കാര്യത്തില്‍ ഉദാസീനത അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ബില്‍ നല്‍കാതിരിക്കുക, അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പ് വരുത്താതിരിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമങ്ങള്‍ പാലിക്കാതിരിക്കുക  തുടങ്ങിയ അതത് സ്ഥാനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ഉടനടി ശിക്ഷണ നടപടികള്‍ സ്വീകരിക്കാതെ പരിഹരിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന തരത്തിലാണ് പരിശോധനങ്ങള്‍ ക്രമീകരിക്കുക. നോട്ടീസ് ലഭിച്ച വ്യാപാരികള്‍ നിശ്ചിത സമയത്തിനകം പോരായ്മകള്‍ പരിഹരിച്ച് അധികാരികളെ വിവരം അറിയിക്കണം. അല്ലാത്ത പക്ഷം ഇത്തരക്കാര്‍ക്കെതിരെ പിഴ ഈടാക്കുന്നതടക്കമുളള നിയമ നടപടികള്‍ സ്വീകരിക്കും. അതേസമയം പരിശോധന വ്യവസായ സൗഹൃദാന്തരീഷത്തിന് കോട്ടം തട്ടാതെ വിധത്തിലാകണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

ചടങ്ങില്‍ ഐ.സി. ബാലകൃഷണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി ആശംസ സന്ദേശം നല്‍കി. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ കെ.ടി. വര്‍ഗ്ഗീസ് പണിക്കര്‍, ജോയിന്റ് കണ്‍ട്രോളര്‍ കെ.സി ചാന്ദ്‌നി, ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാജേഷ് സാം, വാര്‍ഡ് കൗണ്‍സിലര്‍ ലിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ആര്‍. ജയപ്രകാശ്, അഡ്വ. സതീഷ് പൂതിക്കാട്, പി.പി. ആയൂബ്, എന്‍.ടി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

2 കോടി ചെലവില്‍  ഓഫീസ് സമുച്ചയം

രണ്ട് കോടി ചെലവിലാണ് സുല്‍ത്താന്‍ ബത്തേരി കുപ്പാടി വില്ലേജില്‍  ഓഫീസ് സമുച്ചയം ഒരുങ്ങുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മ്മാണ ചുമതല. നാല് വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളും ജില്ലാ ആസ്ഥാന ഓഫീസും സീഷര്‍ റൂം, വെരിഫിക്കേഷന്‍ ഏരിയ, അനുബന്ധ ഓഫീസുകള്‍ എന്നിവയും ഇരു നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിലുണ്ടാകും. ഒരു വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീ കരിക്കും.

 

date