Skip to main content

അഗ്നിസുരക്ഷ; കളക്ടറേറ്റില്‍ മോക്ഡ്രില്‍ നടത്തി

ആലപ്പുഴ: തീപിടുത്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുന്നതിനായി ആലപ്പുഴ കളക്ടറേറ്റില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു.  

11.09 ഓടെ കളക്ടറേറ്റിലെ ഒന്നാം നിലയില്‍ തീപിടിത്തമുണ്ടായതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത് മുതലുള്ള നടപടികളാണ് ആവിഷ്‌കരിച്ചത്. ഉടന്‍തന്നെ വിവരം വിവിധ വകുപ്പ് മേധാവികളെ അറിയിക്കുകയും എല്ലാ ജീവനക്കാരും സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തുകയും ചെയ്തു. 

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നാലു മിനിറ്റിനുള്ളില്‍ തീ അണയ്ക്കുകയും തീപിടുത്തമുണ്ടായ സ്ഥലത്തു നിന്നും ജീവനക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു. കുഴഞ്ഞു വീണ രണ്ടു പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. 

ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച മോക്ഡ്രില്ലിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. ഏബ്രഹാം നേതൃത്വം നല്‍കി. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലേയും പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ അഗ്നി സുരക്ഷാ മോക്ഡ്രില്‍ നടത്താനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. 

പോലീസ്, ആരോഗ്യം, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍  മോക്ഡ്രില്ലില്‍ പങ്കാളികളായി. തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പറഞ്ഞു. 

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മോക് ഡ്രില്‍ നടപടികള്‍ വിലയിരുത്തി. മോക്ക്ഡ്രില്ലിന് മുന്നോടിയായി ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ആര്‍. അഭിലാഷിന്റെയും ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.ബി. വേണുക്കുട്ടന്റെയും നേതൃത്വത്തില്‍ അഗ്നിസുരക്ഷാ മുന്‍കരുതലിനെക്കുറിച്ച് ബോധവത്കരണം നടത്തി. മോക് ഡ്രില്ലിനോടനുബന്ധിച്ച് ഫയര്‍ എസ്റ്റിംഗുഷറിന്റെ ഉപയോഗവും ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി.

date