Skip to main content

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം നാളെ (30)

ജില്ലയില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ രണ്ടാം നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നു.  ഇതിന്റെ ഉദ്ഘാടനം തൊഴിലും പൊതു വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാളെ (30) ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിക്കും.  അതിഥി തൊഴിലാളികളുടെ ജോലി, ബാങ്കിംഗ്, ആരോഗ്യം, യാത്രാ സംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുക, നിര്‍മാണ മേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍നിന്നും ആവശ്യമായ ധനസഹായം ലഭ്യമാക്കാന്‍ സഹായം നല്‍കുക, അര്‍ഹതപ്പെട്ട നിയമ പരിരക്ഷകളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുക തുടങ്ങിയ സേവനങ്ങള്‍ ജില്ലാതല ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ലഭ്യമാക്കും.

 

ജില്ലാ ലേബര്‍ ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിലെ കോള്‍ സെന്ററിന്റെ ഉദ്ഘാടനം ഇന്ന് (30) ഉച്ചകഴിഞ്ഞ് മൂന്നിന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കും.

 

വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലയിലെ വിവിധ തൊഴിലാളി സംഘടന നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവര്‍ സംസാരിക്കും.  അതിഥി തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററിന്റെ സേവനം എല്ലാ തൊഴിലാളികളും തൊഴില്‍ ഉടമകളും ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോണ്‍ നമ്പര്‍:  0468 2991134.

date