Skip to main content

ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍ ഉദ്ഘാടനം നാളെ (30)

പത്തനംതിട്ടയിലെ ശ്രീചിത്തിര തിരുനാള്‍ സ്മാരക ടൗണ്‍ഹാള്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ (30) രാവിലെ 11.30ന് നാടിന് സമര്‍പ്പിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് മുഖ്യ അതിഥിയായിരിക്കും.നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആധുനിക കേരളത്തിന്റെ നിര്‍മാണ പ്രക്രിയയില്‍ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോട് അനുബന്ധിച്ച് നിര്‍മിച്ചതാണ് ചിത്തിര തിരുനാള്‍ ടൗണ്‍ ഹാള്‍.

 

കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂര്‍ണമായും തകര്‍ന്ന ടൗണ്‍ ഹാള്‍ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് പുതുക്കിപ്പണിതത്. 75 ലക്ഷം രൂപയാണ് നിര്‍മാണത്തിന് ചെലവായത്. ജില്ലാ കേന്ദ്രത്തിലെ ഏക പൈതൃക ചരിത്ര സ്മാരകം എന്ന നിലയില്‍ തനിമ നഷ്ടപ്പെടാതെ, ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയാണ് ടൗണ്‍ ഹാള്‍ നിര്‍മിച്ചത്. വിപുലീകരിക്കാന്‍ സാധ്യതയില്ലെന്ന് പലരും വിധിയെഴുതിയ ടൗണ്‍ ഹാള്‍ എട്ടുമാസം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുക്കുന്നത്.

 

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഹാളില്‍ പുഷ്ബാക്ക് സീറ്റുകളും, ആധുനിക സൗണ്ട് സിസ്റ്റവും, 4 കെ റസല്യൂഷന്‍ പ്രൊജക്ടറും സ്ഥാപിച്ചിട്ടുണ്ട്. ഹാളിനുള്ളില്‍ ശബ്ദ ക്രമീകരണങ്ങള്‍ക്കായി നൂതനമായ അക്കൗസ്റ്റിക് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കേരളീയ പാരമ്പര്യ ശൈലിയില്‍ നിര്‍മിക്കപ്പെട്ട ടൗണ്‍ ഹാളില്‍ തടിയാണ് ധാരാളമായി ഉപയോഗിച്ചിരുന്നത്. കാലപ്പഴക്കത്തില്‍ ഇതിന് ബലക്ഷയം സംഭവിച്ചിരുന്നു. വരാന്തയിലെ മരത്തൂണുകള്‍ക്ക് പകരമായി കല്‍ത്തൂണുകള്‍ സ്ഥാപിച്ചു. കല്‍ത്തൂണുകള്‍ തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തു നിന്നാണ് എത്തിച്ചത്. മേല്‍ക്കൂരയിലെ തടികള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന മികച്ച ഗുണനിലവാരമുള്ള ഗാല്‍വനൈസ്ഡ് അയണ്‍ സ്ഥാപിച്ചു. പുറംഭിത്തിയും ജനലുകളും തുടങ്ങി നിലനിര്‍ത്താവുന്ന എല്ലാ ഭാഗങ്ങളും സംരക്ഷിച്ചാണ് നവീകരണം പൂര്‍ത്തീകരിച്ചത്.

 

ഉച്ചയ്ക്ക് 2.30 മുതല്‍ മോഹിനിയാട്ടം, കുച്ചിപ്പുടി, നാട്ടു സംഗീതം എന്നിവ അരങ്ങേറും. വൈകിട്ട് 5.30 മുതല്‍ ഗസല്‍ സംഗീതരാവും സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ നഗരസഭാ ചെയര്‍മാന്‍ ആദരിക്കും. കലാമണ്ഡലം ഭാഗ്യലക്ഷ്മിയാണ് മോഹിനിയാട്ടം അവതരിപ്പിക്കുന്നത്. അമൃത കൃഷ്ണന്‍ കുച്ചിപ്പുടിയും, അഡ്വ. സുരേഷ് സോമയുടെയും സംഘത്തിന്റെയും നേതൃത്വത്തില്‍ ബഹുഭാഷാ നാട്ടുസംഗീതവും നടക്കും. അജിത് വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഗസല്‍ സംഗീതവിരുന്ന്.

date