Skip to main content

അടിത്തട്ടിലുള്ളവരുടെ ആവശ്യം നിറവേറുമ്പോഴാണ് യഥാര്‍ഥ വികസനം നടപ്പാകുന്നത് - മന്ത്രി മുഹമ്മദ് റിയാസ്

ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം ഉദ്ഘാടനം ചെയ്തു

സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവരുടെ ആവശ്യം നിറവേറുമ്പോഴാണ് യഥാര്‍ഥ വികസനം നടപ്പാകുന്നതെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടത്തിന്റെ ഉദയം പദ്ധതിയിലെ നാലാമത്തെ ഹോം വെള്ളയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ 1400-ഓളം പേരെ പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും കോഴിക്കോടിന്റെ നന്മയുള്ള മനസുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മുഖ്യാതിഥിയായി. തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ ഉദയം പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുമായി സഹകരിക്കുന്ന സന്നദ്ധസംഘടനകളെയും പൊതുജനത്തേയും അദ്ദേഹം അഭിനന്ദിച്ചു.

ചടങ്ങില്‍ മുന്‍ എംഎല്‍എ വി.കെ.സി മമ്മദ് കോയ കമ്മ്യൂണിറ്റി ഡെന്റിസ്ട്രി സര്‍വീസ് പ്രഖ്യാപനവും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി കമ്മ്യൂണിറ്റി മെഡിസിന്‍ സര്‍വീസ് പ്രഖ്യാപനവും നടത്തി.

എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ റീടെയില്‍ സെയില്‍സ് മാനേജര്‍ അമല്‍ജിത്ത്, എച്ച്എല്‍എല്‍ പ്രതിനിധി ആശിഷ് നായര്‍, വി.കെ.സി മമ്മദ് കോയ, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി നാസര്‍, പാലക്കല്‍ അഹമ്മദ് തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. വി.കെ.സി മമ്മദ് കോയ, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി നാസര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. മഹേഷ്, ഡെപ്യൂട്ടി കലക്ടര്‍ അനിതാകുമാരി എന്നിവര്‍ ആശംസകളറിയിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും സാമൂഹ്യനീതി ഓഫീസര്‍ അഷറഫ് കാവില്‍ നന്ദിയും പറഞ്ഞു.

date