Skip to main content

ദേശിയ പാത വികസനത്തിൽ സർക്കാർ നടത്തുന്നത് കഠിനശ്രമമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ദേശിയ പാത വികസനം അതിവേഗം പൂർത്തിയാക്കുന്നതിന് സർക്കാർ കഠിനശ്രമമാണ് സ്വീകരിക്കുന്നതെന്നും നാടിന്റെ പതിറ്റാണ്ടുകളായുള്ള ദേശീയപാതയുടെ വികസനമെന്ന സ്വപ്നം കുറഞ്ഞകാലയളവിൽ പൂർത്തിയാക്കാനാവുമെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പന്തീരങ്കാവ് മണക്കടവ് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുന്ദമംഗലം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ പി.ടി.എ റഹീം എം.എല്‍.എ  അദ്ധ്യക്ഷത വഹിച്ചു.
എന്‍.എച്ച് 66 ബൈപ്പാസിലുള്ള പന്തീരങ്കാവില്‍ നിന്ന് ആരംഭിക്കുന്ന മണക്കടവ് റോഡിന്‍റെ  പ്രവൃത്തിക്ക് രണ്ട് കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരുന്നത്. 5.5 മീറ്റര്‍ വീതിയില്‍  ടാറിംഗ്, 500 മീറ്റര്‍ നീളത്തില്‍  ഡ്രൈനേജ്, ട്രാഫിക് സേഫ്റ്റിക്ക് ആവശ്യമായ റോഡ് മാര്‍ക്കിംഗ്, ട്രാഫിക് സൈനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് നടത്തിയിട്ടുള്ളത്.
പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സി. എഞ്ചിനീയര്‍ വി.കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രവീന്ദ്രന്‍ പറശ്ശേരി, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ ജയപ്രശാന്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജീവ് പെരുമണ്‍പുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജിത്ത് കാഞ്ഞോളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാൻ പി ബാബുരാജന്‍, മെമ്പർ മാരായ മാവോളി ജയരാജന്‍, ഷാജി പനങ്ങാവില്‍, ടി.വി റനീഷ്, പ്രദീപ് കുമാര്‍, എന്‍ മുരളീധരന്‍, കെ.കെ കോയ, ജയപ്രകാശന്‍ മാസ്റ്റര്‍, പൊയിലില്‍ അബ്ദുല്‍ അസീസ്, ടി മജീദ്,  ഉത്തരമേഖലാ നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എക്സി. എഞ്ചിനീയര്‍ ജി.കെ വിനീത്കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.

date