Skip to main content

കൂടൊരുക്കി രണ്ടാണ്ട്; ഉദയനിലാ സംഗീതനിശ അരങ്ങേറി

ഉദയം ഹോമിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഉദയനിലാ സംഗീതനിശ വർണാഭമായി. സുഖമാണീ നിലാവിൽ തുടങ്ങി മുത്തുമഴ കൊഞ്ചലോടെ ആരംഭിച്ച ഗാനസന്ധ്യ പ്രേക്ഷകരുടെ കണ്ണിലും മനസ്സിലും കുളിർമഴയായി പെയ്തിറങ്ങി.

തട്ടുപൊളിപ്പൻ ഗാനങ്ങളും അരങ്ങിൽ വന്നതോടെ കാണികളുടെ ആവേശം കൂടി. സദസ്സിനെ ഒന്നടങ്കം കയ്യിലെടുക്കുന്ന തരത്തിൽ ആരെയും നിരശരാക്കാതെ പാടിയ ഓരോ പാട്ടുകളും പ്രേക്ഷകർ നെഞ്ചിലേറ്റി.

ഇന്ത്യയുടെ വാനമ്പാടിയായ ലതാ മങ്കേഷ്കറിനെ അനുസ്മരിച്ചു കൊണ്ട് ജ്യോത്സ്ന ആലപിച്ച ഗാനങ്ങൾ പ്രേക്ഷകഹൃദയത്തിൽ സുഖമുള്ള നോവ് പടർത്തി. വിധു പ്രതാപ്, കീർത്തന, വിഷ്ണുവർധൻ, അമൽ സി. അജിത്ത് എന്നിവരായിരുന്നു മറ്റു ഗായകർ.

ഉദയം നാലാമത് ഹോമിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ഉദയം ഹോമിലെ അന്തേവാസികൾക്കായുള്ള ധനശേഖരണാർത്ഥം കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഇ. അനിത കുമാരി, പ്രോഗ്രാം കോ-ഓർഡിനേറ്റർ അജിത്ത് കുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date