Skip to main content

മൂന്നാറില്‍ പിങ്ക് കഫേ തുറന്നു; ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു

 

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടപ്പിലാക്കുന്ന പിങ്ക് കഫേയുടെ പ്രവര്‍ത്തനം മൂന്നാറിലെ ടൂറിസത്തിന് ഏറെ ഗുണകരമായി മാറുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച പിങ്ക് കഫേയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ പിങ്ക് കഫേ കിയോസ്‌കുകളുടെ ഭക്ഷണശാല ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മൂന്നാര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയിലും പിങ്ക് കഫേ കിയോസ്‌ക്കിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.   
അഡ്വ.എ രാജ എം എല്‍ എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മൂന്നാറിലെത്തുന്നവര്‍ക്ക് പിങ്ക് കഫേ വഴി രുചികരമായ ഭക്ഷണം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. രാത്രി പതിനൊന്ന് മണി വരെ പിങ്ക് കഫേ പ്രവര്‍ത്തിക്കും. ലഘു നാടന്‍ഭക്ഷണങ്ങള്‍ക്ക് പുറമെ ഇതര ഭക്ഷണവിഭവങ്ങളും പിങ്ക് കഫേ വഴി ലഭ്യമാകും. 
ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ മുഖ്യാതിഥിയായി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധികള്‍, കെ എസ് ആര്‍ ടി സി പ്രതിനിധികള്‍, സി ഡി എസ് പ്രതിനിധികള്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date