Skip to main content

ആര്‍ദ്രകേരളം പുരസ്‌കാരം; ജില്ലാതലത്തില്‍ മൂന്നാം സ്ഥാനം കാഞ്ചിയാര്‍ പഞ്ചായത്തിന്

 

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലാതലത്തില്‍ കാഞ്ചിയാര്‍ ഗ്രാമ പഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. 
      ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കെസി പറഞ്ഞു. കോവിഡ് വാക്സിനേഷന്‍, പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍, വാര്‍ഡ് സാനിറ്റേഷന്‍, കുടിവെള്ളം (ജലജീവന്‍ പദ്ധതി), മാലിന്യ നിര്‍മാര്‍ജനം (ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം), തുടങ്ങി എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് കൈവരിച്ചിട്ടുള്ളത്. കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഹോമിയോ, ആയുര്‍വേദം, പിഎച്ച്‌സി മൂന്ന് മെഡിക്കല്‍ സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. 46,23,975 രൂപയാണ് പഞ്ചായത്ത് ആരോഗ്യമേഖലയില്‍ ചെലവഴിച്ചത്. 24,19,425 രൂപ പിഎച്ച്സിയും 2,30,000 രൂപ ഹോമിയോയും 19,74,880 രൂപ ആയുര്‍വേദ മേഖലയിലും ചെലവഴിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോട് കൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ, മറ്റ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണനാ പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.

 

date