Skip to main content

കോഴി കുഞ്ഞുങ്ങളെ വാങ്ങാം ബുക്കു ചെയ്യാം ; സ്റ്റാളിലുണ്ട്  സൗകര്യം

കോട്ടയം:  നാഗമ്പടം മൈതാനത്തെ എൻ്റെ കേരളം പ്രദർശന  വിപണന മേളയിൽ മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന്റെ   സ്റ്റാളിൽ കോഴി കുഞ്ഞിനെ വാങ്ങാനും ബുക്കു ചെയ്യാനും സൗകര്യം.
ഗ്രാമശ്രീ ഇനത്തിൽപ്പെട്ട ഒരു ദിവസം പ്രായമായ പിടകോഴിക്കുഞ്ഞുങ്ങൾ  22 രൂപ നിരക്കിലും  പൂവൻ 10 രൂപ നിരക്കിലും വാങ്ങാനാകും .  കൂടാതെ നാടൻ മുട്ട അഞ്ച് രൂപയ്ക്കും കൃഷി ആവശ്യത്തിനായി  കോഴിക്കാഷ്ഠം  കിലോ ക്ക് രണ്ട് രൂപയ്ക്കും ലഭ്യമാണ്. .

വ്യാവസായികാടിസ്ഥാനത്തിൽ കോഴി ഫാം തുടങ്ങുന്നതിനും  അടുക്കളമുറ്റത്ത്  
കോഴിവളർത്തുന്നതിനും താല്പര്യമുള്ളവർക്ക് നിർദ്ദേശങ്ങളും  സ്റ്റാളിൽ ലഭിക്കും. 
 കോഴി കുഞ്ഞുങ്ങൾക്ക്  വളർച്ചയുടെ ഓരോ ഘട്ടത്തിലും നൽകേണ്ട തീറ്റയും മുട്ട ഉല്പാദനം വർദ്ധിപ്പിക്കാൻ തീറ്റയായി കൊടുക്കാവുന്ന  അസോള കൃഷി ചെയ്യുന്ന രീതിയും പരിചയപ്പെടാനാകും. പൗൾട്രി ഫാമിൽ ഉപയോഗിക്കുന്ന ചിക്ക് വാട്ടറർ, അഡൽ വാട്ടറർ, കോഴിക്കുഞ്ഞുങ്ങളുടെ ചുണ്ടിൻ്റെ അറ്റം മുറിക്കുന്നതിനുള്ള ഡീ ബീക്കർ എന്നിവ കണ്ട് മനസ്സിലാക്കാം. കോഴികൾ  പരസ്പരം കുത്തി പരിക്കേൽപ്പിക്കുന്നത്  തടയുന്നതിനാണ്  ചുണ്ട് മുറിക്കുന്നത്.   
 പൂന്തോട്ടത്തിലും പച്ചക്കറിതോട്ടത്തിലും സ്ഥാപിക്കാൻ പറ്റുന്ന  മാതൃകാ കോഴിക്കൂടും സ്റ്റാളിൽ പ്രദർശനത്തിനുണ്ട് . രണ്ട് തട്ടുകളുള്ള കൂടിൻ്റെ മുകൾഭാഗത്ത് മുട്ടയിടുന്നതിനും താഴെ  ചികഞ്ഞ് നടന്നുള്ള തീറ്റയ്ക്കും സൗകര്യങ്ങളുണ്ട്. 

 46 മുതൽ 60 ദിവസം വരെ എഗ്ഗർ  നഴ്സറികളിൽ വളർത്തിയതും   പ്രതിരോധ കുത്തിവെപ്പ് നൽകിയതുമായ പിടക്കോഴികളെ  വാങ്ങാനാഗ്രഹിക്കുന്നവർക്ക്  വിപണന മേളയിലെത്തി ബുക്ക് ചെയ്യാവുന്നതാണ്.  .

date