Skip to main content

തെളിനീരൊഴുകും നവകേരളം : അകമല തോടിന് പുതുജീവൻ

 

തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി അകമല തോടിന് പുതുജീവനേകി വടക്കാഞ്ചേരി നഗരസഭ.  മാരാത്ത്ക്കുന്ന് റോഡിൽ നിന്നും അകമല ഭാഗത്തേക്കും വടക്കാഞ്ചേരി ഭാഗത്തേക്കും രണ്ട് സംഘങ്ങളായി അയ്യങ്കാളി തൊഴിലുറപ്പ് പ്രവർത്തകർ, നഗരസഭ കണ്ടീജന്റ് ജീവനക്കാർ, ഹരിതകർമ്മസേന എന്നിവരുടെ നേതൃത്വത്തിലാണ്  തോട്  വൃത്തിയാക്കുന്നത്. തോട്ടിലേയ്ക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക്, മറ്റ് ഖരവസ്തുക്കൾ എന്നിവയടങ്ങുന്ന ഏകദേശം 200 ചാക്ക് മാലിന്യമാണ് ശേഖരിച്ചത്. 

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമായി അകമല തോട്ടിലേയ്ക്ക്  സെപ്റ്റിക് മാലിന്യങ്ങളടക്കം വലിയതോതിൽ ഒഴുകിയെത്തുന്നുണ്ട് . നഗരത്തിലെ പ്രധാന വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അൽ- സുലേറ്റി ടവറിൽ നിന്ന് മുഴുവൻ മാലിന്യവും ഈ തോട്ടിലേക്കാണ് തള്ളുന്നത്. കൂടാതെ സമീപത്തെ വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകൾ, വീടുകൾ തുടങ്ങി എല്ലായിടങ്ങളിലെയും സെപ്റ്റേജ് മാലിന്യം പേറുന്നതിനുള്ള ഇടമായി അകമലതോട് മാറിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം.   
ഇതുവരെ തോട്ടിൽ മാലിന്യം നിക്ഷേപിച്ച 16 പേർക്കെതിരെ നോട്ടീസ് നൽകുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അകമല തോട്ടിലേയ്ക്ക് മാലിന്യങ്ങൾ ഒഴുകുന്ന എല്ലാ കുഴലുകളും നഗരസഭ അധികൃതർ അടച്ചു തുടങ്ങി. ഇതിന് പുറമെ നഗരസഭാ പരിധിയിലെ ചെറിയ നീർച്ചാലുകൾ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി വൃത്തിയാക്കൽ പുരോഗമിക്കുകയാണ്.

date