Skip to main content
പാലപിള്ളി - എച്ചിപ്പാറ റോഡ് നിർമ്മാണ ഉദ്ഘാടനം  പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിക്കുന്നു

2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറുവരിയാക്കും : മന്ത്രി പി.എ.മുഹമ്മദ്‌ റിയാസ് 

 

2025 ഓടെ സംസ്ഥാനത്തെ മുഴുവൻ ദേശീയപാതയും ആറ് വരിയാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. റോഡുകളുടെ നിലവാരം സൂക്ഷിക്കുന്ന കാര്യത്തിൽ ജനങ്ങളെ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാക്കുന്ന നയമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.  8 കോടി രൂപ ചെലവിൽ പാലപ്പിള്ളി -എച്ചിപ്പാറ റോഡ് ബി എം ആന്റ് ബി സി നിലവാരത്തിലേക്ക് പുനരുദ്ധാരണം ചെയ്യുന്നതിന്റെ നിർമ്മാണോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

നിലവിലുള്ള റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം അടുത്ത അഞ്ചു വർഷത്തിനുളളിൽ കേരളത്തിലെ പരമാവധി പിഡബ്ല്യുഡി റോഡുകളും ബി എം ആന്റ് ബി സി നിലവാരത്തിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. റോഡ് നിർമ്മാണത്തിന്റെ ചെലവ്, കാലയളവ്, പരിപാലന കാലാവധി എന്നിവ ജനങ്ങളിൽ എത്തിച്ച് സുതാര്യത ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 

മലയോര- തീരദേശ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു.  ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെയുളള ഒട്ടേറെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിലേയ്ക്ക് പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 

സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി  ഓരോ നിയോജക മണ്ഡലത്തിലെയും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രവർത്തികൾ സമയബന്ധിതമായി  തീർക്കുന്നതിനായി ചീഫ് എൻജിനീയർ, എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന  ടീമിന് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ്, ബ്ലോക്ക് പഞ്ചായത്തംഗം സദാശിവൻ ഇ കെ, വാർഡ് മെമ്പർമാരായ അഷറഫ് ചാലിയത്ത്കുടി, ജലാൽ എം ബി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date