Skip to main content

ഗുരുവായൂർ സര്‍വ്വീസ് റോഡിന്‍റെ ഒരുവശം മെയ് 9 നകം തുറന്ന് നൽകും

 
ഗുരുവായൂർ സര്‍വ്വീസ് റോഡിന്‍റെ ഒരുവശം മെയ് 9 നകം തുറന്നുകൊടുക്കാൻ തീരുമാനം. ഈ മാസം 30 നകം സര്‍വ്വീസ് റോഡുകള്‍ പൂര്‍ണ്ണമായും സഞ്ചാരയോഗ്യമാക്കാനും തീരുമാനിച്ചു. ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട്  എൻ കെ അക്ബർ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന 
യോഗത്തിലാണ് തീരുമാനം. റെയില്‍വെ മേല്‍പ്പാലവുമായി ബന്ധപ്പെട്ട തൂണുകള്‍ സ്ഥാപിക്കുന്ന നടപടി ഈ മാസം 8നുള്ളില്‍ പൂര്‍ത്തീകരിക്കും. 

റെയില്‍വെയുടെ അധീനതയിലുള്ള പാളത്തിന്‍റെ അടുത്ത് പൈല്‍ ചെയ്ത് തൂണുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണം  റോഡ് ആൻഡ് ബ്രിഡ്ജ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരളയ്ക്കാണ്  (ആർ ബി ഡി സി കെ). ഇക്കാര്യത്തില്‍ കാലതാമസം വരുത്തരുതെന്ന്  എം എല്‍ എ കര്‍ശന നിര്‍ദ്ദേശം നല്‍‍കി. എത്രയും വേഗം റെയില്‍വെ അംഗീകാരം ലഭ്യമാക്കി പൈലിംഗും അനുബന്ധ പ്രവര്‍ത്തികളും നിര്‍വ്വഹിക്കണമെന്നും നിർദ്ദേശം നൽകി. റെയില്‍വെ പാളത്തിന് മുകളില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് ( സൂപ്പര്‍ സ്ട്രെക്ച്ചര്‍ ചെയ്യുന്നതിന് )  ടെണ്ടര്‍ വിളിച്ച സാഹചര്യത്തില്‍  നടപടികള്‍ സ്വീകരിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശദമായ പ്ലാന്‍, ഡിസൈന്‍ എന്നിവ റെയില്‍വേയ്ക്ക് സമര്‍പ്പിച്ച് എത്രയും വേഗം അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.  റെയില്‍വെ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിന് പൊതുമരാമത്ത് വകുപ്പ് എൻജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 
ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ  നഗരസഭ ചെയര്‍മാന്‍‍  എം. കൃഷ്ണദാസ്, സെക്രട്ടറി ബീന എസ്. കുമാര്‍, ചാവക്കാട് തഹസില്‍ദാര്‍ ടി.കെ ഷാജി, റെയില്‍വേ അസി.എക്സി.
എൻജിനീയര്‍  അബ്ദുള്‍ അസീസ്,  വാട്ടര്‍ അതോറിറ്റി അസി.എക്സി.എൻജിനീയര്‍  കെ.കെ വാസുദേവന്‍, കെ.എസ്.ഇ.ബി അസി.എക്സി.എൻജിനീയര്‍  എം ബിജി, പൊതുമരാമത്ത് എൻജിനീയര്‍  കെ.ജി സന്ധ്യ, ആർ ബി ഡി സി കെ അസി.എൻജിനീയര്‍  ഇ.എ അര്‍ഷാദ്, ടെമ്പിള്‍ പൊലീസ് സ്റ്റേഷന്‍ ഐ എസ് എച്ച് ഒ പ്രേമാനന്ദന്‍, മേല്‍പ്പാലം നിര്‍മ്മാണത്തിന്‍റെ പി.എം.സിയായ റൈറ്റ്സിലെ ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date