Skip to main content

ജില്ലയിലെ 27000 അമ്മമാര്‍ക്ക് 'ലിറ്റില്‍ കൈറ്റ്‌സ് '

യൂണിറ്റുകളിലൂടെ സൈബര്‍ സുരക്ഷാ പരിശീലനം

സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ  നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനത്തിന് ജില്ലയില്‍  ഇന്ന് (മെയ് ഏഴ് )  തുടക്കം. സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പകല്‍ 11ന്   നിര്‍വഹിക്കുന്നതോടൊപ്പം ജില്ലയിലെ ആദ്യ ക്ലാസ് അടക്കാകുണ്ട് സി.എച്ച്.എസ് സ്‌കൂളില്‍ നടക്കും. കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, സൈബര്‍ഡോം തലവന്‍ കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് തുടങ്ങിയവര്‍ പങ്കെടുക്കും. കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യും.
ജില്ലയില ഹൈസ്‌കൂളുകളില്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി ക്ലബുകള്‍ വഴിയാണ് 27000 രക്ഷിതാക്കളെ പരിശീലിപ്പിക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുള്ള ഹൈസ്‌കൂളുകളില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 രക്ഷിതാക്കള്‍ക്കാണ് ഒന്നാം ഘട്ടമായി മുപ്പതു പേര്‍ വീതമുള്ള ബാച്ചുകളിലായി മെയ് ഏഴ് മുതല്‍ 20 വരെ സൈബര്‍ സുരക്ഷയില്‍ പരിശീലനം നല്‍കുന്നത്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ചു സെഷനുകള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതാണ് ഒന്നാമത്തെ സെഷന്‍. മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ 'രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും' എന്ന ഭാഗവും ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യാജവാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന 'വാര്‍ത്തകളുടെ കാണാലോകം' (ഫേക്ക് ന്യൂസ് തിരിച്ചറിയല്‍, ഫാക്ട് ചെക്കിങ് ) ആണ് മൂന്നാം സെഷന്‍. ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചര്‍ച്ച ചെയ്യും. ഇന്റര്‍നെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം എന്ന അഞ്ചാം സെഷനോടെയാണ് ക്ലാസുകള്‍ അവസാനിക്കുക.

date