Skip to main content

സമ്പൂർണ്ണ ജനക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്- മന്ത്രി മുഹമ്മദ്‌ റിയാസ് 

 

 

 

സമ്പൂർണ്ണ ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത്- ടൂറിസം  വകുപ്പു മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് വികസനപ്രവർത്തനങ്ങൾ സാധ്യമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. 'നൂറിന്റെ മികവിൽ കോഴിക്കോട്' ബ്ലോക്ക്‌ പഞ്ചായത്ത് പരിപാടിയിൽ 2021- 2022 വാർഷിക പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാഭ്യാസമേഖലയിലും വ്യവസായമേഖലയിലുമെല്ലാം സർക്കാർ വികസനപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.ഐ.ടി മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നിരവധി സ്റ്റാർട്ട്‌ അപ്പുകൾക്കും സർക്കാർ പ്രോത്സാഹനം നൽകുന്നു. വിദേശത്തു നിന്നും വിദ്യാഭ്യാസത്തിനായി കേരളത്തിലേക്ക് ആളുകളെത്തുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് കേരളത്തിലെ പശ്ചാത്തലസൗകര്യ വികസനം. ദേശീയപാതാ വികസനം 2025 നകം പൂർത്തിയാക്കും. മലയോര ഹൈവേ, തീരദേശ ഹൈവേ വികസനം കേരളത്തിലെ പശ്ചാത്തല സൗകര്യമേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

ഒളവണ്ണ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ടി. ചന്ദ്രൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ പറശ്ശേരി പദ്ധതികൾ വിശദീകരിച്ചു. 

കടലുണ്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് വി. അനുഷ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ. ജയപ്രശാന്ത്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.കെ. ശൈലജ, പി. റംല, എ.പി. സെയ്താലി, ജനപ്രതിനിധികൾ, പദ്ധതി ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത പൂക്കാടൻ സ്വാഗതവും ജെ.ബി.ഡി.ഒ കെ.കെ. സന്തോഷ്‌ കുമാർ നന്ദിയും പറഞ്ഞു.

date