Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 06-05-2022

കിക്മയിൽ എംബിഎ: ഇൻറർവ്യു 11ന് കണ്ണൂരിൽ

 

സംസ്ഥാന സഹകരണ യൂനിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2022-24 വർഷത്തെ എംബിഎ (ഫുൾടൈം) ബാച്ചിലേക്ക് മെയ് 11ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെ കണ്ണൂർ ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ ഇന്റർവ്യൂ നടത്തും.

50 ശതമാനം മാർക്കോടെ ബിരുദവും കെ മാറ്റ്, സി മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യതയും നേടിയവർക്കും എൻട്രൻസ് പരീക്ഷ എഴുതിയവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ലഭിക്കും. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് യൂനിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും ഇന്റർവ്യൂവിന് പങ്കെടുക്കാം.  ഫോൺ: 8547618290, 9447002106.

 

അപേക്ഷ ക്ഷണിച്ചു

 

കണ്ണൂർ ഗവ.ഐ ടി ഐ യും ഐ എം സിയും സംയുക്തമായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് മാനേജ്മെന്റ്, മൂന്ന് മാസത്തെ ക്യൂ എ - ക്യു സി എൻഡിടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  എസ് എസ് എൽസി, പ്ലസ്ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം.  ഫോൺ: 8301098705.

 

 

ഡെപ്യൂട്ടേഷൻ  നിയമനം

 

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാർ/അർധ സർക്കാർ സർവ്വീസിലുള്ള എൽഡി/യുഡി ക്ലാർക്ക് തസ്തികയിലോ, സമാനതസ്തികകളിലോ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. 2013 ഏപ്രിൽ ഒന്നിന് ശേഷം സർവ്വീസിൽ പ്രവേശിച്ചവർക്ക് മുൻഗണന. ജീവനക്കാർ ബയോഡാറ്റ, 144 കെ എസ് ആർ പാർട്ട് 1, സമ്മതപത്രം, മേലധികാരി സാക്ഷ്യപ്പെടുത്തി നൽകിയ എൻഒസി എന്നിവ സഹിതം പൂർണമായ അപേക്ഷ (മൂന്ന് സെറ്റ്) കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ-680002 എന്ന വിലാസത്തിൽ മെയ് 21  നകം സമർപ്പിക്കണം. ഫോൺ: 0487 2383053, 0487 2383088.

 

 

ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ  

കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

ടൂറിസം വകുപ്പിന് കീഴിലെ കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഒന്നര വർഷത്തെ  തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ, പി ജി ഡിപ്ലോമ  കോഴ്‌സുകൾ 2022-23 അധ്യയന വർഷം തുടങ്ങുന്നു. കേന്ദ്ര സർക്കാരിന്റെ  നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷൻ, എഫ് ആൻഡ് ബി സർവീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷൻസ് കോഴ്‌സുകൾക്ക് 30 സീറ്റും ബേക്കറി ആൻഡ്  കൺഫെക്ഷനറി, ഫ്രണ്ട്  ഓഫീസ്, പി ജി ഡിപ്ലോമ അക്കമഡേഷൻ ഓപ്പറേഷൻസ് ആൻഡ് മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് 40 സീറ്റുമുണ്ട്. ഡിപ്ലോമ കോഴ്‌സുകൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലും പി ജി ഡിപ്ലോമ കോഴ്‌സിന് ഡിഗ്രി  മാർക്കിന്റെ അടിസ്ഥാനത്തിലുമാണ്  പ്രവേശനം. പ്രായപരിധി 25 വയസ്സ്. എസ്സി/എസ്ടി വിഭാഗങ്ങൾക്ക്  സീറ്റ് സംവരണവും വയസ്സിളവുമുണ്ട് . ഫോൺ: 04952 385861, 9447994245.

 

 

ഹോട്ടൽ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷ: മെയ് 16 വരെ അപേക്ഷിക്കാം

 

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ  മാനേജ്മെന്റ് ആൻഡ്  കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ  ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിനുള്ള പൊതുപരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി മെയ് 16 വരെ നീട്ടി. പൊതുപരീക്ഷ ജൂൺ 18ന് നടക്കും. ആറ് സെമസ്റ്ററിലായി നടത്തുന്ന ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബിരുദകോഴ്സ്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെയും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയുടെയും അംഗീകാരത്തോടെ നടത്തുന്നതാണ്. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ എറണാകുളം/മൂവാറ്റുപുഴ, തിരുവനന്തപുരം, പാലക്കാട്  എന്നിവയാണ്. പ്ലസ് ടു പരീക്ഷ പാസായവർക്കും പ്ലസ് ടു അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പൊതുവിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗങ്ങൾക്ക് 28 വയസ്സുമാണ്  പ്രായ പരിധി. താൽപര്യമുള്ള വിദ്യാർഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ www.nchmjee.nta.nic.in  വെബ്‌സൈറ്റ്  മുഖേന മെയ് 16 നു മുമ്പായി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നടത്തുന്ന പൊതുപരീക്ഷ ഹെൽപ്ഡെസ്‌കുമായി ബന്ധപ്പെടുക: 0495-2385861, 9400508499.

 

 

താൽക്കാലിക  നിയമനം

 

കണ്ണൂരും മട്ടന്നൂരും തുടങ്ങുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നതിന് വിരമിച്ച കോടതി ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-11, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത: പി എസ്  സി  നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും.

നിബന്ധനകൾ: തിരഞ്ഞെടുക്കപ്പെടുന്നവരുടെ കരാർ നിയമനം തുടർച്ചയായ 179 ദിവസത്തേക്ക് മാത്രമായിരിക്കും.  അപേക്ഷകർ സമാനമായതോ ഉയർന്നതോ ആയ തസ്തികയിൽ നിന്നും വിരമിച്ച കോടതി ജീവനക്കാർ ആയിരിക്കണം. 62 വയസ്സ് പൂർത്തിയാകാൻ പാടുള്ളതല്ല. 62 വയസ്സ് ആകുന്ന മുറക്ക് സർവ്വീസിൽ നിന്നും പിരിച്ചു വിടും. സർക്കാരിന് വേണ്ടി ജില്ലാ ജഡ്ജിയും നിയമിക്കപ്പെടുന്ന വ്യക്തിയും തമ്മിൽ ഒരു കരാർ സമ്മതപത്രത്തിൽ ഏർപ്പെടേണ്ടതാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി-670101 എന്ന വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കണം. മെയ് 19ന് വൈകിട്ട്  അഞ്ച് മണി വരെ അപേക്ഷ നേരിട്ടും തപാലിലും സ്വീകരിക്കും. കവറിനു മുകളിൽ താൽക്കാലിക നിയമനത്തിനുള്ള അപേക്ഷ എന്നെഴുതണം.

 

 

ഹൈസ്‌കൂൾ ടീച്ചർ: ഇന്റർവ്യൂ 11 ന്

 

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്-മലയാളം മാധ്യമം-തസ്തിക മാറ്റം വഴി-279/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഇന്റർവ്യൂ മെയ് 11 ന് ജില്ലാ പിഎസ്സി ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ മെസേജ്, ഫോൺ എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ഇന്റർവ്യൂ മെമ്മോ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖയും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 0497 2700482.

 

 

കമ്പനി സെക്രട്ടറി ഒഴിവ്

എറണാകുളം ജില്ലയിലെ  സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രറി തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസിൽ അസോസിയേറ്റ് മെമ്പർ (എസിഎസ്) ആണ് യോഗ്യത.  ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രായം 18നും 45നും ഇടയിൽ. നിയമാനുസൃത വയസ്സിളവ് ബാധകം.

നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം  എന്നിവ തെളിയിക്കാനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 20നകം ബന്ധപ്പെട്ട  പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.  നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.  1960 ലെ ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന്  ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്പെക്ടർ/ ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

 

 

വൈദ്യുതി മുടങ്ങും

 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ അമ്പലക്കുളം, അമ്പാടി, പി വി എസ് എന്നീ ഭാഗങ്ങളിൽ മെയ് ഏഴ് ശനി രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഞെക്ലി, കരിപ്പോട്, വനിതാ ഇൻഡസ്ട്രി, കുണ്ടുവാടി, തൊള്ളതുവയൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മെയ് ഏഴ് ശനി രാവിലെ  ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ  വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ചാല എച്ച് എസ്, വെള്ളൂരില്ലം, പനോന്നേരി, തന്നട, മായാബസാർ, ചാല  സോളാർ, ഇല്ലത്തുവളപ്പിൽ, ഹാജിമുക്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  മെയ് ഏഴ് ശനി രാവിലെ ഏഴ് മുതൽ 10 മണി വരെയും  കോവിലകം, ആഡൂർ, ആഡൂർ കനാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെയും ചാല ദിനേശ് ചാല ഈസ്റ്റ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ  ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല, കനകക്കുന്ന്, കോട്ടച്ചോല, തുരുമ്പി, കവരപ്ലാവ്, പൊട്ടൻപ്ലാവ്, പൈതൽമല എന്നീ ഭാഗങ്ങളിൽ മെയ് ഏഴ് ശനി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും കോട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും  വൈദ്യുതി മുടങ്ങും  

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ  ഉണ്ണിമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ മെയ് ഏഴ് ശനി രാവിലെ എട്ട് മുതൽ 11 മണി വരെയും മണിയറ പൂമാലക്കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

 

 

മെയ് മാസത്തെ റേഷൻ വിതരണത്തോത്

 

മെയ് മാസം റേഷൻ കാർഡുടമകൾക്ക് താഴെ പറയുന്ന അളവിലും നിരക്കിലും റേഷൻ സാധനങ്ങൾ ലഭിക്കും.

എ എ വൈ  വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി ഗ്രാം അരിയും നാല് കി ഗ്രാം  ഗോതമ്പും സൗജന്യമായും, ഒരു പാക്കറ്റ് ആട്ട ആറ് രൂപ നിരക്കിലും, ഒരു കിലോ പഞ്ചസാര 21 രൂപക്കും ലഭിക്കും.  കൂടാതെ പിഎംജികെഎവൈ പദ്ധതി പ്രകാരം ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.

മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും (കാർഡിൽ ആകെയുളള ഗോതമ്പിൽ നിന്ന് ഒരു കിലോഗ്രാം കുറവ് ചെയ്ത്) കി ഗ്രാമിന് രണ്ട് രൂപ നിരക്കിലും ഒരു പാക്കറ്റ് ആട്ട എട്ട് രൂപ നിരക്കിലും (കാർഡിൽ ഒരംഗം മാത്രമാണുളളതെങ്കിൽ നാല് കിലോ അരിയും ഒരു പാക്കറ്റ് ആട്ടയും മാത്രം) ലഭിക്കും.  കൂടാതെ പിഎംജികെഎവൈ പ്രകാരം ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു  കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും

പൊതുവിഭാഗം സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോക്ക് നാല് രൂപ നിരക്കിലും, ലഭ്യതക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപാ നിരക്കിലും ലഭിക്കും.  

പൊതുവിഭാഗം നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിന് എട്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപാ നിരക്കിലും, ലഭ്യതക്കനുസരിച്ച് കാർഡിന് ഒരു കിലോ മുതൽ നാല് കിലോ വരെ ആട്ട കിലോക്ക് 17 രൂപാ നിരക്കിലും ലഭിക്കും.

പൊതുവിഭാഗം  കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും ഒരു പാക്കറ്റ് ആട്ട 17 രൂപ നിരക്കിലും ലഭിക്കും.

പൊതുവിഭാഗം സബ്സിഡി, പൊതുവിഭാഗം നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് റേഷൻ കടകളിലുളള നീക്കിയിരിപ്പുപയോഗിച്ച് പരമാവധി 10 കിലോഗ്രാം സ്പെഷ്യൽ അരി  15 രൂപ നിരക്കിലും റേഷൻ കടകളിൽ നീക്കിയിരിപ്പായി കാണപ്പെടുന്ന എൻപിഎൻഎസ് ഗോതമ്പ്  കിലോഗ്രാമിന് 8.70 രൂപ നിരക്കിൽ കാർഡ് ഒന്നിന് രണ്ട് കിലോഗ്രാം എന്ന തോതിലും  ലഭിക്കും. (നീക്കിയിരിപ്പുളള റേഷൻ കടകളിൽ നിന്ന് മാത്രം).

റേഷൻ വിതരണം സംബന്ധമായ പരാതികൾ  താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ്  -  0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂർ - 0497 2700091, ഇരിട്ടി - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ്, കണ്ണൂർ -  0497 2700552, ടോൾഫ്രീ നമ്പർ -  1800-425-1550, 1947 എന്നീ നമ്പരുകളിൽ അറിയിക്കാം.

 

അപേക്ഷ ക്ഷണിച്ചു

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിൽ 2022-23 അധ്യയന വർഷം പ്രവേശനം നേടുന്നതിന്് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളുടെ താമസം, ഭക്ഷണം, ട്യൂഷൻ എന്നിവ  സൗജന്യമാണ്. കുട്ടികൾക്ക് മാസം പോക്കറ്റ് മണിയും നൽകും. മറ്റ് സമുദായത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി എന്നീ  ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിൽ പെൺകുട്ടികൾക്കും പഴയങ്ങാടി, ശ്രീകണ്ഠാപുരം, മയ്യിൽ, കതിരൂർ തുടങ്ങിയ  ഗവ.പ്രീമെട്രിക് ഹോസ്റ്റലുകളിൽ ആൺകുട്ടികൾക്കുമാണ് പ്രവേശനം. അപേക്ഷയും മുമ്പ് പഠിച്ച കോഴ്സിന്റെ മാർക്ക് ലിസ്റ്റും, ജാതി സർട്ടിഫിക്കറ്റും, പഠിക്കുന്ന സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രവും സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ ജൂൺ 15 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് പട്ടികജാതി വികസന ഓഫീസർമാരുടെ നമ്പറിൽ ബന്ധപ്പെടുക. പാനൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9495900255, കല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9744980206, ഇരിക്കൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9446761940, തളിപ്പറമ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 8848680653, കണ്ണൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ: 9605789459.

 

 

താൽക്കാലിക നിയമനം

 

ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി മോട്ടിവേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർ മത്സ്യത്തൊഴിലാളി കുടുംബം ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, മത്സ്യത്തൊഴിലാളി കുടുംബമാണെന്ന് തെളിയിക്കുന്ന രേഖകളും സഹിതം മെയ് 16ന് രാവിലെ 10.30 ന് കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.

 

 

ഭരണാനുമതി

 

കെ മുരളീധരൻ എം പിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 14.54 ലക്ഷം രൂപ ചെലവഴിച്ച് ജില്ലയിലെ കുറ്റിപ്രം എൽ പി, വടക്കുമ്പാട് ജി എച്ച് എസ് എസ്, നരവൂർ സൗത്ത് എൽ പി, പി ആർ മെമ്മോറിയൽ എച്ച് എസ് എസ്, തലശ്ശേരി കേന്ദ്രീയ വിദ്യാലയം എന്നീ സ്‌കൂളുകൾക്ക് ലാപ്‌ടോപ്പുകൾ നൽകുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

കെ മുരളീധരൻ എം പിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 6.61 ലക്ഷം രൂപ വിനിയോഗിച്ച് പാനൂർ നഗരസഭയിലെ തുണ്ടിയിൽ മുക്ക്- മടത്തിൽപ്പൊയിൽ-കടംകുനി സ്‌കൂൾ റോഡ് നിർമ്മാണത്തിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

ചെണ്ട പരിശീലനം പുനരാരംഭിക്കും

 

കൊവിഡ് മൂലം നിർത്തിവെച്ച കേരള ഫോക്ലോർ അക്കാദമിയുടെ കണ്ണപുരം സബ്സെന്ററിലെ ചെണ്ട പരിശീലന ക്ലാസ് മെയ് എട്ടിന് രാവിലെ 10 മണി മുതൽ പുനരാരംഭിക്കും.  മുമ്പ് പരിശീലനത്തിൽ പങ്കെടുത്തിരുന്ന വിദ്യാർഥികൾ സെന്ററിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

 

ആന എഴുന്നള്ളിപ്പിന് രജിസ്റ്റർ ചെയ്യണം

 

ആനയെ എഴുന്നള്ളിക്കുന്നതിന് ജില്ലാ മോണിറ്ററിങ് കമ്മിറ്റിയിൽ മുമ്പ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ആരാധനാലയങ്ങൾ മെയ് 31നകം www.kcems.in ൽ രജിസ്റ്റർ ചെയ്യണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.  രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ള ആരാധനാലയങ്ങൾക്ക് മാത്രമേ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകൂ.  ഫോൺ: 0497 2705105, 9447979151.

 

date