Skip to main content

അറിയിപ്പുകൾ

 

 

 

ട്രസ്റ്റി നിയമനം 

മലപ്പുറം ജില്ല, ഏറനാട് താലൂക്ക്  തൂവ്വൂര്‍ വേട്ടേക്കാരന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത ധര്‍മ്മസ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേയ് 18  ന് വൈകീട്ട്  അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ :  0495 2374547. 

ഫാഷന്‍ ഡിസൈനിം​ഗ് ഡിപ്ലോമ 

കേന്ദ്ര ടെക്‌സൈറ്റല്‍ മന്ത്രാലയത്തിനു കീഴിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററില്‍ ഫാഷന്‍ ഡിസൈനിങ്ങില്‍ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എഫ്.ഡി.ടി ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി പ്ലസ് ടു യോഗ്യതയുളള വിദ്യാര്‍ഥികള്‍ക്ക് www.atdcindia.co.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്റര്‍, നാടുകാണി, തളിപ്പറമ്പ, കണ്ണൂര്‍ -670142 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം. ഫോണ്‍ :  9961803757, 9744917200. 

ഗതാഗതം നിരോധിച്ചു

ചാത്തമംഗലം - കുഴക്കോട് - വെളളനൂര്‍ - കൈതൂട്ടിമുക്കില്‍ റോഡില്‍ കള്‍വര്‍ട്ടിന്റെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ചാത്തമംഗലം മുതല്‍ വെളളനൂര്‍ വരെയുളള ഭാഗത്ത് മേയ് ഒന്‍പത് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ചാത്തമംഗലം ഭാഗത്ത് നിന്ന് വെളളനൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാത്തമംഗലത്ത് നിന്നും വേങ്ങേരിമഠം വഴി തിരിഞ്ഞു പോകണം.

ബീച്ച് അംബ്രല്ല അപേക്ഷ 

ബീച്ച് അംബ്രല്ല ആവശ്യമുളള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. അവസാന തീയതി മേയ് 18. ഫോണ്‍ : 0495 2378222. 

വിദ്യാഭ്യാസ  സ്‌കോളര്‍ഷിപ്പ്:  ജില്ലാതല വിതരണോദ്ഘാടനം 9 ന് 

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായുളള 2021ലെ വിദ്യാഭ്യാസ  സ്‌കോളര്‍ഷിപ്പിന്റെ ജില്ലാതല വിതരണോദ്ഘാടനം മേയ് ഒന്‍പതിന് ഉച്ചയ്ക്ക മൂന്ന് മണിക്ക് കോഴിക്കോട് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം സി.പി. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുഹമ്മദ് റഫീഖ് വിശിഷ്ടാതിഥിയാകും.

പരീക്ഷാ തീയതിയിൽ മാറ്റം

കോഴിക്കോട് ജില്ലയില്‍ മാറ്റിവെച്ച അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍  - II പേപ്പര്‍ പരീക്ഷ മേയ് ഒന്‍പതിന് രണ്ട്  മുതല്‍ നാല്  മണി വരെ ചാലപ്പുറം ഗവ. അച്യുതന്‍ ഗേള്‍സ് ഹൈസ്കൂളിൽ നടക്കും.  ഉദ്യോഗാര്‍ഥികള്‍ പരീക്ഷക്കായി അവര്‍ക്ക് ലഭിച്ച പഴയ ഹാള്‍ടിക്കറ്റുമായി ഇതേ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി  ഓഫീസര്‍ അറിയിച്ചു. 

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് 11 ന് 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന്  മെയ്  11 ന്  കോഴിക്കോട് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രത്യേക സിറ്റിംഗ് നടത്തുന്നു.   രാവിലെ 11 മണി മുതല്‍ ഒരു മണി വരെയാണ് സിറ്റിംഗ്.  തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം.

date