Skip to main content

മന്ത്രിസഭാ വാർഷികം: 

 

തിരൂരിലെ ജനകീയോത്സവത്തിന് നാളെ തിരിതെളിയും

 

മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും

 

 

വിനോദവും വിജ്ഞാനവും സമ്മേളിക്കുന്ന "എൻ്റെ കേരളം" പ്രദർശന-വിപണന-ഭക്ഷ്യ മേളയ്ക്ക് തിരൂരിൽ നാളെ (മെയ് 10) തുടക്കമാകും. മന്ത്രിസഭയുടെ ഒന്നാം വാർഷികത്തിൻ്റെ ഭാഗമായി തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറിയിലും എസ്.എസ്.എം പോളിടെക്നിക് ഗ്രൗണ്ടിലുമായി നടക്കുന്ന മേള നാളെ വൈകീട്ട് ആറിന് കായിക - ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനാവും. ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ - ബ്ലോക്ക് -പഞ്ചായത്ത് പ്രസിഡൻ്റുമാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. 

 

മെയ് 16 വരെ ഏഴ് ദിന-രാത്രങ്ങളിലായി വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ നടക്കുന്ന മേളയിൽ സെമിനാറുകൾ, ബഹിരാകാശ കൗതുകങ്ങളുമായി ഐ.എസ്.ആർ.ഒ ഉൾപ്പടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രദർശനങ്ങൾ, ചരിത്രത്തിന്റെ നേർക്കാഴ്ചകളുമായി പുരാരേഖാ വകുപ്പ്, മനം മയക്കുന്ന രുചി വൈവിധ്യങ്ങളുമായി ഫുഡ് കോർട്ട്, വിവിധ വകുപ്പുകളുടെ ഓൺലൈൻ സേവനങ്ങൾ, തീം സ്റ്റാളുകൾ, സെമിനാറുകൾ, കേരളത്തിന്റെ വികസന മാതൃകകൾ , കരകൗശല - കാർഷിക, വ്യാവസായിക ഉൽപന്നങ്ങൾ, കാർഷിക- വ്യാവസായിക ഉപകരണ പ്രദർശനവും വിപണനവും തുടങ്ങി വൈവിധ്യമാർന്ന ആകർഷകമായ സ്റ്റാളുകൾ, ശബ്ദ - ദൃശ്യ വിസ്മയങ്ങളുമായി പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവയാണ്‌ 

മെഗാ മേളയിൽ ഒരുക്കിയിട്ടുള്ളത്.

250 ൽ അധികം സ്റ്റാളുകളുള്ള മേളയ്ക്കായി ആധുനിക രീതിയിലുള്ള ശിതീകരിച്ച പന്തലാണ് തിരൂരിൽ ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ പ്രചരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ ജൻഡർ ന്യൂട്രൽ ഫുട്ബോൾ മത്സരം, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ഫ്ലാഷ്മോബ്, കൂട്ടയോട്ടം എന്നിവ സംഘടിപ്പിച്ചിരുന്നു.

 

ആവേശമായി കൂട്ടയോട്ടം

 

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ കൂട്ടയോട്ടം ആവേശകരമായി. മലപ്പുറം സിവില്‍ സ്റ്റേഷന്‍ കവാടത്തില്‍ നിന്നും തുടങ്ങി മുണ്ടുപറമ്പ് ബൈപാസ് ചുറ്റി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമാപിക്കുന്ന രീതിയിലായിരുന്നു പരിപാടി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. മലപ്പുറം റണ്ണേഴ്‌സ് ക്ലബിന്റെ  സഹകരണത്തോടെ നടത്തിയ കൂട്ടയോട്ടത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 85 പേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കുള്ള ഉപഹാരം ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിതരണം ചെയ്തു. മലപ്പുറം റണ്ണേഴ്‌സ് ക്ലബ്ബ് സെക്രട്ടറി എം ഷംസീദ്, എം മുഹമ്മദ് ഷമീര്‍, അലക്‌സ് തോമസ്, കെപി ജയേഷ്, കെ സമദ്, എം അലി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്‌ളാഷ് മോബും ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരവും നടത്തിയിരുന്നു. മെയ് 10 മുതല്‍ 16 വരെ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറിയിലും എസ്.എസ്.എം പോളിടെക്നിക്ക് കോളജിലുമായാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

date