Skip to main content

ഓമനയുടെയും കുടുംബത്തിന്റെയും ഉപജീവനം സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

പത്തനംതിട്ട ആനത്തോട് ഡാമിന് സമീപം ഏഴ് മക്കളുമായി ഏറുമാടത്തിലും ഷെഡ്ഡിലും കഴിയുന്ന ആദിവാസി കുടുംബത്തിന്റെ ഉപജീവനം സർക്കാർ ഉറപ്പുവരുത്തിയതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഓമന നിലവിൽ സർക്കാരിന്റെ കൂട് മത്സ്യകൃഷി പദ്ധതിയിൽ ജോലി ചെയ്യുന്നയാളാണ്. മത്സ്യകൃഷി നടത്തുന്ന ഡാമിന്റെ പരിസരത്താണ് ഷെഡ് നിർമ്മിച്ച് കഴിയുന്നതും. നാല് മാസം മുൻപ് മാത്രമാണ് ഇവിടേക്ക് അവർ താമസമാക്കിയത്. അതിന് മുൻപ് കേരളാ ഫോറസ്റ്റ് ഡെവലപ്മന്റ് കോർപ്പറേഷന്റെ ലയത്തിലായിരുന്നു താമസം. ഇത് അടച്ചുറപ്പുള്ളതും വൈദ്യുതിയുള്ളതുമായ സംവിധാനമാണ്. മുൻപ് താമസിച്ച സ്ഥലത്തും ഇപ്പോൾ ഉള്ളിടത്തും കുടുംബത്തിന്റെ സംരക്ഷണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്. തദ്ദേശ വകുപ്പിന്റെ 'അഗതിരഹിത കേരളം' പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും കുടുംബത്തിന് വേണ്ട ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നുണ്ട്. പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ആഴ്ചയിൽ ഒരു ദിവസം ഇവർ താമസിക്കുന്ന സ്ഥലത്ത് എത്തി ആരോഗ്യപരിശോധന നടത്തുകയും മരുന്ന് എത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമേ പട്ടിക വർഗ വകുപ്പും ആവശ്യമായ സഹായം നൽകുന്നു. കുടുംബം അടുത്തിടെ സ്വന്തമായി ഒരു ഓട്ടോറിക്ഷയും വാങ്ങിയിട്ടുണ്ട്.
ഓമനയ്ക്കും കുടുംബത്തിനും ആവശ്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കുടുംബം തയ്യാറായാൽ ആവശ്യമായ സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ച് നൽകാൻ മന്ത്രി നിർദേശം നൽകി. ഓമനയുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇടപെടലുണ്ടാകും. പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ ഉൾപ്പെടെയുള്ളവർ കുടുംബത്തെ സന്ദർശിച്ചു.
മലമ്പണ്ടാരം വിഭാഗത്തിൽപ്പെടുന്ന കുടുംബമാണ് ഇവരുടേത്. ഇവർ പൊതുവെ കാടിനകത്ത് താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഭർത്താവ് വനവിഭവങ്ങൾ ശേഖരിച്ച് വിറ്റാണ് ജീവിക്കുന്നത്. ഈ വിഭാഗത്തിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടക്കുന്നു. മൂഴിയാർ കേന്ദ്രീകരിച്ച് ഈ വിഭാഗത്തിൽപ്പെടുന്ന മുഴുവൻ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറായി വരികയാണ്. അത് അതിവേഗം പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 1851/2022

date