Skip to main content

ക്രാഫ്റ്റ്-22 ത്രിദിന ജില്ലാ ക്യാമ്പ് മന്ത്രി ജി. ആര്‍. അനില്‍ സന്ദര്‍ശിച്ചു

സമഗ്ര ശിക്ഷ കേരളവും ഹരിത കേരള മിഷനും സംയുക്തമായി കരുളായി പുള്ളിയില്‍ സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്രാഫ്റ്റ് - 22 ത്രിദിന ജില്ലാ ക്യാമ്പ് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ക്യാമ്പംഗങ്ങളുമായി മന്ത്രി സംവദിച്ചു. അഞ്ച് ഭിന്നശേഷി കുട്ടികളുള്‍പ്പടെ 45 പേരാണ് ക്യാമ്പിലുള്ളത്.
മന്ത്രിയോടൊപ്പം കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജയശ്രീ അഞ്ചേരിയന്‍, വൈസ് പ്രസിഡന്റ് ടി. സുരേഷ് മാസ്റ്റര്‍, കെ. മനോജ്, ഫാത്തിമ സലീം, ഹെഡ്മാസ്റ്റര്‍ കെ.വി ജയകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ കെ.എച്ച് ഹബീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് വൈകിട്ട് ക്യാമ്പംഗങ്ങളും പ്രാദേശിക കലാ സാഹിത്യരംഗത്തെ പ്രമുഖരും പങ്കെടുത്ത കലാ സായാഹ്നവും സംഘടിപ്പിച്ചു.

കുട്ടികളില്‍ തൊഴില്‍ സംസ്‌കാരവും ജീവിത നൈപുണികളും വളര്‍ത്തിയെടുക്കുന്നതിന് ലക്ഷ്യമിടുന്നതാണ് ക്രാഫ്റ്റ്-22 ക്യാമ്പ്. കൃഷിയുമായി ബന്ധപ്പെട്ട നിറയോലം, ആഹാരവുമായി ബന്ധപ്പെട്ട രുചിക്കൂട്ട്, വീട്ടുപകരണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗാഡ്ജെറ്റ്, കളിപ്പാട്ട നിര്‍മാണവുമായി ബന്ധപ്പെട്ട കളിച്ചെപ്പ്, ക്രാഫ്റ്റ് പരിചയവുമായി ബന്ധപ്പെട്ട കരവിരുത് എന്നീ വിവിധ മേഖലകളിലൂടെയാണ് ക്യാമ്പില്‍ കുട്ടികള്‍ കടന്നു പോകുന്നത്. ഇന്ന് (മെയ് 12) രണ്ടിന് നടക്കുന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തോടനുബന്ധിച്ച് ക്യാമ്പിലുണ്ടാക്കിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
 

date