Skip to main content

വിസ്മയമായി കുട്ടികളുടെ കണ്ടുപിടുത്തങ്ങള്‍:

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാന്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നൂതന സംവിധാനമായ സോഷ്യല്‍ ഡിസ്റ്റന്‍സ് ഇന്‍ഡിക്കേറ്റേര്‍, കിടപ്പിലായ രോഗികളെ ശ്രുശൂഷിക്കുന്നവര്‍ക്കായുള്ള മുന്‍കരുതലുമായി ബെഡ് ഫാള്‍ ഇന്‍ഫോര്‍മര്‍, കൊതുകിനെ അകറ്റാനായി പച്ചിലകളെ കൂട്ടിയിണക്കി ഉണ്ടാക്കിയ മെഴുകുതിരി. അഡല്‍റ്റ് തിങ്കര്‍ ലാബിന്റെ ഭാഗമായി കുട്ടിശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്ത കണ്ടുപിടുത്തങ്ങള്‍ കാഴചക്കാരെ വിസ്മയിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രദര്‍ശനത്തിലാണീ വേറിട്ട കാഴ്ചകള്‍. അരീക്കോട് സുല്ലുമസലാം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തങ്ങള്‍ ഇന്നലെ (മെയ് 11) പ്രദര്‍ശിപ്പിച്ചപ്പോള്‍ കാണാന്‍ ആളുകളേറെയെത്തി. ഇന്ന് (മെയ് 12) മറ്റു വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തങ്ങളും സ്റ്റാളില്‍ അവതരിപ്പിക്കും.  ജില്ലയിലെ നാല്‍പതോളം സ്‌കൂളുകളാണ് ഇത്തരത്തില്‍ മെഗാമേളയുടെ ഭാഗമാകുന്നത്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ ചേര്‍ന്ന് വരച്ച മഴവില്ല് കൂട്ടവര പ്രധാന ആകര്‍ഷണമാണ്. വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള കലാപരിപാടികളും ഇവിടെ ദിനംപ്രതി നടത്തും. കുട്ടികളുടെ മികച്ച കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സ്റ്റാളിന്റെ മേല്‍നോട്ടം വഹിക്കുന്ന തിരൂര്‍ ഡി.ഇ. ഒ കെ പി രമേശന്‍ കുമാര്‍ പറഞ്ഞു.

ലോകം വിറങ്ങലിച്ചു നിന്ന കോവിഡ് കാലത്ത് അതിജീവനത്തിന്റെ നേരറിവുകള്‍ പകര്‍ന്നവര്‍ക്കൊപ്പം മുന്നണി പോരാളികളായ കുട്ടിക്കൂട്ടം. അവര്‍ നടത്തിയ ത്യാഗോജ്ജ്വല പ്രവര്‍ത്തനങ്ങള്‍. ഇതിന്റെയെല്ലാം നേര്‍സാക്ഷ്യമായി അനവധി ഫോട്ടോകളും വീഡിയോകളും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ വേദിയിലെത്തുന്ന ജനക്കൂട്ടത്തിന് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെയും അധ്യാപകരുടെയും സാമൂഹിക പ്രതിബദ്ധതയും സമര്‍പ്പണ ബോധവും വ്യക്തമാക്കി കൊടുക്കുകയാണ് ഇതുവഴി പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാറിന്റെ മെഗാ പ്രദര്‍ശന വിപണന മേള കാരണം ഒഴിവുകാലത്തും ആവേശത്തിലാണ് വിദ്യാര്‍ത്ഥികള്‍. നാന്നൂറോളം വിദ്യാര്‍ത്ഥികളുടെ കരുത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രദര്‍ശന സ്റ്റാള്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈവരിച്ച അഭൂതപൂര്‍വ്വമായ നേട്ടങ്ങളുടെയും വികസനത്തിന്റെയും നേര്‍സാക്ഷ്യം കൂടിയാണ് പ്രദര്‍ശനം. ഫോട്ടോ, വീഡിയോ പ്രദര്‍ശനങ്ങളോടൊപ്പം കോവിഡ് കാലത്തെ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികളും  ലിറ്റില്‍ കൈറ്റസ്, എന്‍.എസ്.എസ് വളണ്ടിയര്‍മാരും സജീവമാണ്.

date