Skip to main content
സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍

സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിതാ ശിശു വികസന വകുപ്പിന്റെ സെമിനാര്‍

സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍. ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ വനിതാ ശിശുവികസനവകുപ്പ് മുന്‍ ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ.ടി.കെ ആനന്ദി സെമിനാര്‍ നയിച്ചു. അടുത്ത തലമുറയോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ നമുക്ക് ലിംഗ നീതിയെ കുറിച്ച് അവബോധമുണ്ടാകണം എന്നും ലിംഗസമത്വം തുടങ്ങേണ്ടത് വീടുകളില്‍ നിന്നാണെന്നും ഡോ.ടി.കെ ആനന്ദി പറഞ്ഞു.

 

സാക്ഷരത, ജനകീയാസൂത്രണം പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ പൊതുഇടങ്ങള്‍ കൈക്കലാക്കി കഴിഞ്ഞു. പലപ്പോഴും നമ്മുടെ വീടുകളില്‍ പോലും ലിംഗനീതി നിഷേധിക്കപ്പെടുന്നുണ്ട്. ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുള്ള വീട്ടില്‍ എപ്പോഴും മുന്‍തൂക്കം ആണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് മിക്ക വീട്ടിലും കണ്ട് വരുന്ന പ്രവണതയാണ്. അത്തരം കാര്യങ്ങളിലാണ് ആദ്യം മാറ്റം വരേണ്ടത്. വീടുകളില്‍ രണ്ട് വിഭാഗക്കാര്‍ക്കും ഒരേ പരിഗണന നല്‍കണം. സ്ത്രീസുരക്ഷ നിയമങ്ങളെ കുറിച്ചും സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ട് വരേണ്ട ആവശ്യകതയെ കുറിച്ചും സെമിനാര്‍ കൈകാര്യം ചെയ്ത് സംസാരിച്ച ഡോ.ടി.കെ ആനന്ദി പറഞ്ഞു.

 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജിജി മാത്യു, ജില്ലാ വനിതശിശുവികസന ഓഫീസര്‍ പി.എസ് തസ്നീം, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ്, ജില്ലാ റിസോഴ്സ് ഗ്രൂപ്പ് അംഗം എം.വി രമാദേവി, ദിശ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷാന്‍ രമേശ് ഗോപന്‍, അഡ്വ.എം.ബി ദിലീപ്കുമാര്‍, കോഴഞ്ചേരി മഹിളാമന്ദിരം ലീഗല്‍ കൗണ്‍സിലര്‍ അഡ്വ.സ്മിത ചാന്ദ്, വനിതാ ശിശുസംരക്ഷണ ഓഫീസര്‍ എ.നിസ തുടങ്ങിയവര്‍ പങ്കെടുത്തു.

date