Skip to main content

നാളെക്കായി ഇത്തിരി ഊര്‍ജ്ജം കരുതാം; എനര്‍ജി മാനേജ്മെന്റ് സെന്റര്‍ സെമിനാര്‍

ഊര്‍ജ്ജ സ്രോതസുകളുടെ അഭാവം ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയും ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രധാന്യം ഓര്‍പ്പെടുത്തിയും എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സെമിനാര്‍. മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരില്‍ നടക്കുന്ന എന്റെ കേരളം മേളയിലാണ് ഊര്‍ജ്ജ സംരക്ഷണം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നത്.

ആധുനിക യുഗത്തില്‍ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ഉള്‍പ്പടെ ഊര്‍ജ്ജത്തിന്റെ ഉപയോഗവുംആവശ്യകതയും ഖനിജ ഇന്ധനങ്ങളുടെ ശോഷണം, ആഗോളതാപനവും തുടര്‍ന്നുള്ള കാലാവസ്ഥാ വ്യതിയാനവും തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു സെമിനാര്‍. ഊര്‍ജ്ജത്തിന്റെ നീതിയുക്തവും കാര്യക്ഷമവുമായ ഉപയോഗവും വൈദ്യുതിയെ എങ്ങനെ ലാഭകരമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ചും സെമിനാറില്‍ പ്രതിബാധിച്ചു.

കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അനീഷ് പറക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ എം.പി ചന്ദ്രന്‍ അധ്യക്ഷനായി. കെ.എസ്.ഇ.ബി എനര്‍ജി മാനേജ്മെന്റ് സെന്റര്‍ റിസോഴ്സ് പേഴ്സണ്‍ പി. സാബിര്‍ വിഷയാവതരണം നടത്തി. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ വി.വി ഷാഫി സ്വാഗതം ആശംസിച്ചു.
 

date