ഭാഗ്യശാലികളെ കാത്ത് സമ്മാനങ്ങള്‍ ആധാര്‍ എന്‍റോള്‍മെന്‍റ് ഉള്‍പ്പെടെ സൗജന്യ സേവനങ്ങളുമായി ഐ.ടി മിഷന്‍
ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന- വിപണന മേളയിൽ എത്തുന്നവർക്ക് സൗജന്യ സേവനമൊരുക്കി ഐ.ടി മിഷന്‍റെ അക്ഷയ സ്റ്റാൾ.
ആധാർ എൻറോൾമെന്‍റ്, മേൽവിലാസം തിരുത്തൽ, ജനന തീയതി തിരുത്തൽ, പാൻ കാർഡ് എടുക്കൽ, പാൻകാർഡും ആധാറും ബന്ധിപ്പിക്കൽ, റേഷൻ കാർഡിലെ പേര് തിരുത്തൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, വില്ലജ് ഓഫീസ് സംബന്ധമായ സേവനങ്ങൾ, രജിസ്ട്രേഷൻ വകുപ്പ് സേവനങ്ങൾ തുടങ്ങിയവയാണ് ഇവിടെ സൗജന്യമായി ലഭിക്കുന്നത്. ഇതുവരെ ആയിരത്തിലധികം പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയതായി അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സംഗീത് സോമന്‍ പറഞ്ഞു.
കുട്ടികളുടെ ആധാർ എന്‍റോള്‍മെന്‍റിനാണ് കൂടുതല്‍ പേര്‍ സമീപിക്കുന്നത്. പത്തോളം ജീവനക്കാരുടെ സേവനം സ്റ്റാളിലുണ്ട്. ഇന്ന് (മെയ് 14) മുതൽ ഭാഗ്യ നറുക്കെടുപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 16 ന് ഉച്ചവരെ സ്റ്റാൾ സന്ദർശിക്കുന്നവർക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. സ്റ്റാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതി നൽകുന്നവരിൽ നിന്നാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.
ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റ്, പവർബാങ്ക് എന്നിവയാണ് യഥാക്രമം ഒന്നു മുതല്‍ നാലു വരെ സമ്മാനങ്ങള്‍. അക്ഷയയുടെയും ഐ.ടി മിഷന്‍റെയും എല്ലാ സേവനങ്ങളും സ്റ്റാളിൽ പരിചയപ്പെടുത്തുന്നുണ്ട്. അതോടൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ അറിയാനും വിലയിരുത്താനും സഹായകമായ എന്‍റെ ജില്ലാ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള സഹായവും ലഭിക്കും.
ജില്ലയിൽ 215 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്.
- Log in to post comments