Skip to main content

കുട്ടികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലാകരുത്

കുട്ടികളുടെ സാന്നിധ്യത്തില്‍ പൊതു സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുമ്പോള്‍ അത് കുട്ടികള്‍ക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിലാകരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ കമ്മീഷന്‍ അംഗം പി പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവില്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
പ്രവാസിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുട്ടികളെ കാറിലിരുത്തിയ സംഭവം, പോലീസ് ഓഫീസര്‍മാരുടെയും ആദൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെയും വീഴ്ച സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഒത്തു തീര്‍പ്പാക്കിയ രാഷ്ട്രീയ കേസില്‍ കോടതി മറ്റു കൂട്ടുപ്രതികളെയെല്ലാം വെറുതെ വിടുകയും പരാതിക്കാരന്‍ വിദേശത്തായതിനാല്‍ കേസ് എല്‍.പി.സി ആവുകയുമായിരുന്നു. കുട്ടികളുടെ മുന്നില്‍ വെച്ചുളള അറസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു. കുട്ടികളെ ആദ്യം ബന്ധുക്കളെ ഏല്‍പ്പിച്ച ശേഷം അറസ്റ്റ് നടത്തിയിരുന്നെങ്കില്‍ ഒന്നര മണിക്കൂറോളം പിഞ്ചുകുട്ടികള്‍ പരിഭ്രാന്തരായി കഴിയുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നും കമ്മീഷന്‍ വിലയിരുത്തി.
പ്രവാസിയായ ഹര്‍ജിക്കാരന്‍ ഉള്‍പ്പെട്ട കേസില്‍ മറ്റെല്ലാവരും ഹാജരാകുകയും അവരെ കോടതി വെറുതെ വിടുകയും ചെയ്തു. തന്റെ പേരിലുള്ള കേസ് വിവരം 2021 മാര്‍ച്ച് 21ന് പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് അറിഞ്ഞത്. അറസ്റ്റ് ചെയ്യുന്ന സമയം തന്റെ 5 വയസ്സുളള കുട്ടിയും 6 വയസ്സുളള ജ്യേഷ്ഠന്റെ കുട്ടിയും കാറിലുണ്ടായിരുന്നു. അവര്‍ പൊരിവെയിലത്ത് മണിക്കൂറുകളോളം കാറില്‍ ഇരിക്കേണ്ടിവന്നു. കുട്ടികളോട് ക്രൂരത കാട്ടിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിന്മേലാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
 

date