Skip to main content

'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ വഴി അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം 31 വരെ നീട്ടി

2000 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ നീട്ടി. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി മെയ് 7ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ഇതുവരെ 1.56 ലക്ഷം അമ്മമാരാണ് അഞ്ച് സെഷനുകളിലായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം പൂർത്തിയാക്കിയത്.  പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണം പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാകുന്ന പദ്ധതിയുടെ ഉള്ളടക്കം. അമ്മമാർക്ക് പുറമെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കൂടി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പങ്കെടുക്കുന്നവർക്ക് സൈബർ സുരക്ഷയെക്കുറിച്ചുള്ള ഇ-ഹാൻഡ് ബുക്കും ലഭ്യമാക്കും. പരിശീലനത്തിന് ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 2084/2022

date