Skip to main content

കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്റെയും മൂന്ന് സബ് രജിസ്ട്രാർ ഓഫീസുകളുടെയും ഉദ്ഘാടനം  മേയ്  25ന്

കോട്ടയം: കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സിന്റെ ഉദ്ഘാടനവും കിഫ്ബി പദ്ധതിയിലൂടെ പൂർത്തീകരിച്ച കാസർഗോഡ് തൃക്കരിപ്പൂർ, കണ്ണൂർ ഉളിയിൽ, വയനാട് മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനവും മേയ് 25ന് നടക്കും. രാവിലെ 11ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.
കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ തൃക്കരിപ്പൂർ, ഉളിയിൽ, മാനന്തവാടി സബ് രജിസ്ട്രാർ ഓഫീസുകളുടെ പ്രവർത്തന ഉദ്ഘാടനം മന്ത്രി ഓൺലൈനായാണ് നിർവഹിക്കുക.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിംഗ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്, കൺസ്ട്രക്ഷൻ കോർപറേഷൻ എം.ഡി. എസ്. ഷാനവാസ്, രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ ജനറൽ കെ. ഇൻപശേഖർ, ട്രഷറി ഡയറക്ടർ വി. സാജൻ, സി ഡിറ്റ് രജിസ്ട്രാർ എ.കെ. ജയദേവ് ആനന്ദ്, എൻ.ഐ.സി. സീനിയർ ടെക്‌നിക്കൽ ഡയറക്ടർ പി.കെ. അഹമ്മദ് ബഷീർ, നഗരസഭാംഗം റീബ വർക്കി, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കൺസ്ട്രക്ഷൻ കോർപറേഷൻ റീജണൽ മാനേജർ സി. രാഗേഷ് റിപ്പോർട്ട് അവതരിപ്പിക്കും.

കോട്ടയം കളക്‌ട്രേറ്റിന് എതിർവശത്ത് 4.45 കോടി രൂപ ചെലവിലാണ് നാലുനിലകളുള്ള രജിസ്‌ട്രേഷൻ കോംപ്ലക്‌സ് നിർമിച്ചത്. 12852 ചതുരശ്രയടിയുള്ള കെട്ടിടത്തിൽ ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ട്. ഏറ്റവും താഴത്തെ നിലയിൽ ചിട്ടി ഇൻസ്പെക്ടർ, ചിട്ടി ഓഡിറ്റർ ഓഫീസും ബൈൻഡിങ് യൂണിറ്റും പ്രവർത്തിക്കും. ആദ്യ നിലയിൽ അഡീഷണൽ സബ്-രജിസ്ട്രാർ ഓഫീസും രണ്ടാമത്തെ നിലയിൽ ജില്ലാ രജിസ്ട്രാർ ഓഡിറ്റ്, ചിട്ടി ആർബിട്രേറ്റർ ഓഫീസും മൂന്നാമത്തെ നിലയിൽ ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസുമാണ് പ്രവർത്തിക്കുക. 2020 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. കേരള കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമ്മാണച്ചുമതല.

date