Skip to main content
100 ശതമാനം എസ്.സി /എസ്. ടി  ഫണ്ട് ചെലവഴിച്ച  തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അനുമോദനം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു

പട്ടികജാതി - പട്ടികവർഗ മേഖലയെ ശാക്തീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 

സംസ്ഥാനത്തെ പട്ടികജാതി - പട്ടികവർഗ പിന്നോക്ക മേഖലയെ ശാക്തീകരിക്കുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. 2021-2022  വാർഷിക പദ്ധതി, എസ് സി പി, ടി എസ് പി പദ്ധതി 100 ശതമാനം ഫണ്ട് വിനിയോഗിച്ച  
ഗ്രാമപഞ്ചായത്തുകളെ  അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് പട്ടികവർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി സർക്കാർ ചെലവഴിക്കുന്നത്.  ഈ ഫണ്ടുകൾ അർഹതപ്പെട്ടവരുടെ  കൈകളിൽ എത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും  മന്ത്രി പറഞ്ഞു. അടുത്തവർഷം ഈ മേഖലയിൽ 100 ശതമാനം  പദ്ധതി വിഹിതം നടത്താൻ എല്ലാ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കണം. പട്ടികജാതി - പട്ടികവർഗ മേഖല ശക്തിപ്പെട്ട് മുന്നോട്ട് വരണമെന്നും  മന്ത്രി   അഭിപ്രായപ്പെട്ടു. 

കുടുംബശ്രീ മിഷൻ്റെ കീഴിൽ ആരംഭിച്ച
ഗോത്രകിരണം പദ്ധതി വരും വർഷം എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. ഗോത്ര കുടുംബങ്ങളിൽ നിന്ന്  ഒരാൾക്കെങ്കിലും സ്ഥിരം വരുമാനവും പൊതുഇടവും ലഭിക്കുക എന്നതാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ  പദ്ധതിക്ക്  പ്രത്യേക ഊന്നൽ നൽകണമെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ ഇടപെട്ടുകൊണ്ട് കൂട്ടായ യജ്ഞത്തിലൂടെ  പിന്നോക്ക അവസ്ഥ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

എല്ലാ മേഖലയിലും രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ്  കേരളം. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ആരംഭിച്ച  കെ-ഡിസ്ക്  പദ്ധതിയിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനാണ് സർക്കാർ  ലക്ഷ്യമിടുന്നത്. അതിദാരിദ്ര്യം ഇല്ലാതാക്കാനും വാതിൽപ്പടി  സേവനം കൂടുതൽ വ്യാപിപ്പിക്കാനും സാധിച്ചാൽ വൻമുന്നേറ്റം സംസ്ഥാനത്ത് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്തെ 450 ഗ്രാമപഞ്ചായത്തുകളാണ്  2021-2022 വാർഷിക പദ്ധതി, എസ് സി പി, ടി എസ് പി പദ്ധതി ഫണ്ടുകളുടെ 100 ശതമാനം വിനിയോഗിച്ചത്. ഇവർക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.  പി ബാലചന്ദ്രൻ എം എൽ എ,  പ്രിൻസിപ്പൽ ഡയറക്ടർ  ഡി ബാലമുരളി, പഞ്ചായത്ത് ഡയറക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ  പങ്കെടുത്തു.

date