Skip to main content

അഭിമാന നേട്ടം: സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം

സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രൺദീപിനെ ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് രൺദീപിനെ ഡിസ്ചാർജ് ചെയ്തത്. ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ സർജിക്കൽ ഗ്യാസ്ട്രോ ടീം രൺദീപിനെ യാത്രയാക്കി. രൺദീപിന് കുറച്ചുനാൾ കൂടി തുടർചികിത്സയും വിശ്രമവും ആവശ്യമാണ്. കരൾ പകുത്ത് നൽകിയ സഹോദരി ദീപ്തിയെ ഒരാഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തിരുന്നു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സിന്ധു ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ പത്താം തീയതി മന്ത്രി കോട്ടയം മെഡിക്കൽ കോളേജിലെത്തി ബന്ധുക്കളെ കണ്ടിരുന്നു. ഭാര്യയുമായും മറ്റ് ബന്ധുക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചു. ഇതോടൊപ്പം വീഡിയോ കോൾ വഴി ഐസിയുവിലായിരുന്ന റൺദീപുമായും കരൾ പകുത്ത് നൽകിയ സഹോദരിയുമായും സംസാരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർത്ഥ്യമാക്കുകയാണ് അടുത്ത ലക്ഷ്യം. മെഡിക്കൽ കോളേജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാണ്. രോഗികളെ അഡ്മിറ്റാക്കി ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 2107/2022

date