Skip to main content

മഴക്കാല മുന്നൊരുക്കം: വെളളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിക്ക് നിർദേശം

നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ യോഗം ചേരും

 

 

 

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നിയമസഭാ മണ്ഡല അടിസ്ഥാനത്തിൽ എം എൽ എ മാരുടെ സാന്നിധ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് ചേർക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർദേശിച്ചു. എല്ലാ തദ്ദേശസ്ഥാപന തലത്തിലും യുവജനങ്ങൾക്ക് പരിശീലനം നൽകി ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സന്നദ്ധ സേനയെ സജ്ജമാക്കണം. ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഓൺലൈനായി ചേർന്ന എം എൽ മാരുടെയും തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പുഴകളിലെ മണലും ചെളിയും നീക്കം ചെയ്യാൻ ജില്ലാ ഭരണസംവിധാനം ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളെ തുടർന്ന് ചിലയിടങ്ങളിൽ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ആവശ്യമായ ഇടപെടൽ നടത്തണം. ഇപ്പോൾ വെള്ളക്കെട്ട് ഉണ്ടായ സ്ഥലങ്ങൾ പരിശോധിച്ച് ആവശ്യമായ പ്രവൃത്തികൾ നടത്തി നീരൊഴുക്ക് സുഗമമാക്കണം. പുഴകളിലെ മണലും ചെളിയും നീക്കാനുള്ള നടപടികളും സ്വീകരിക്കണം. ഓരോ മേഖലയിലെയും പ്രശ്നങ്ങൾ മനസ്സിലാക്കി അനുയോജ്യമായ നടപടികൾ കൈക്കൊള്ളണം. ഓരോ മേഖലയിലുമുള്ള പ്രശ്നങ്ങൾ അതാതിടങ്ങളിൽ താഴെ തലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭൂരിഭാഗവും ശുചീകരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തീകരിച്ചതായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ  അറിയിച്ചു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവൃത്തികൾ മൂലം നീരൊഴുക്ക് തടസപ്പെട്ട ഇടങ്ങളിൽ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ നാഷണൽ ഹൈവെ അതോറിറ്റി പ്രതിനിധികൾ എന്നിവർ സംയുക്ത പരിശോധന നടത്തി നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. ജില്ലാ, താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. തദ്ദേശസ്ഥാപന തലത്തിലും കൺട്രോൾ റൂമുകൾ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപന തലത്തിൽ സന്നദ്ധ പ്രവർത്തകരുടെ പട്ടികയും തയ്യാറാക്കും. ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കേണ്ട സ്ഥലങ്ങൾ കഴണ്ടത്തി ജനങ്ങളെ മുൻകൂട്ടി അറിയിക്കാനും തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി കലക്ടർ അറിയിച്ചു.

ഒരു ഗ്രാമപഞ്ചായത്തിൽ നിന്നും അഞ്ച് പേരെ വീതം തെരഞ്ഞെടുത്ത് യുവജനക്ഷേമ ബോർഡിന്റെ സഹായത്തോടെ ജില്ലാതലത്തിൽ പരിശീലനം നൽകി ദുരന്തനിവാരണ സേനയെ സജ്ജമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. മലയോര മേഖലകളിലെ പഞ്ചായത്തുകളിൽ വളണ്ടിയർ മാർക്ക് പ്രത്യേക പരിശീലനവും നൽകും. കോർപ്പറേഷൻ പരിധിയിലെ ശുചീകരണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നുവരുന്നതായി മേയർ ടി ഒ മോഹനൻ അറിയിച്ചു. മഴക്കാല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ നിർദ്ദേശങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കാൻ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒറ്റക്കെട്ടായി ഇടപെടണമെന്നും മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, കെ വി സുമേഷ്, അഡ്വ. സജീവ് ജോസഫ്, എഡിഎം കെ കെ ദിവാകരൻ, ഗ്രാമ തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date