Skip to main content

സംരംഭക വര്‍ഷം: പൊതു ബോധവത്ക്കരണ പരിപാടി

 

 ജില്ലാതല ഉദ്ഘാടനം മെയ് 31 ന്
 

സംസ്ഥാന സര്‍ക്കാറിന്റെ 2022-23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായുള്ള 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന പൊതു ബോധവത്ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 31ന് രാവിലെ 10ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പൊന്നാനി മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി  'സംരംഭകര്‍ക്കുള്ള സര്‍ക്കാര്‍ സേവനങ്ങള്‍' എന്ന വിഷയത്തില്‍ വ്യവസായ സെമിനാറും സംഘടിപ്പിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ് ശിവകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ ആറ്റുപുറം, ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ച് മൂന്ന് മുതല്‍ നാല് ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് സംരംഭക വര്‍ഷത്തിലൂടെ വ്യവസായ വാണിജ്യ വകുപ്പ് തുടക്കമിട്ടിട്ടുള്ളത്. ക്യാമ്പയിനിന്റെ ഭാഗമായി മെയ് മുതല്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് പൊതുബോധവത്ക്കരണം നടത്തിവരുന്നു. ജൂണില്‍ ലൈസന്‍സ്/ ലോണ്‍/ സബ്‌സിഡി മേളകള്‍ നടത്തി  സംരംഭങ്ങള്‍ ആവശ്യമുള്ള ലൈസന്‍സും ലോണും സബ്‌സിഡി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ക്യാമ്പയിനിന്റെ ഭാഗമായി നടക്കും. മലപ്പുറം ജില്ലയില്‍ 18606 സംരംഭങ്ങളാണ് ഈ പദ്ധതി വഴി ആരംഭിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

date