Skip to main content

മഴക്കാല പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സും കൺട്രോൾ റൂമും; ഉദ്ഘാടനം ഇന്ന് (ജൂൺ 1)

സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിന്റെയും കൺട്രോൾ റൂമിൻന്റെയും ഉദ്ഘാടനം ഇന്ന് (ജൂൺ 1) നടക്കും. വൈകിട്ട് 5 മണിക്ക് കെഎസ്ടിപി ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ സെല്ലിൽ പൊതുമരാമത്ത് -  ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ടാസ്‌ക് ഫോഴ്‌സിന്റേയും കൺട്രോൾ റൂമിന്റേയും ഉദ്ഘാടനം നിർവഹിക്കും.
മഴക്കാലപൂർവ്വ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകുന്നതിനാണ് മന്ത്രി പി. എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശ പ്രകാരം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും പൊതുമരാമത്ത് വകുപ്പ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. മഴക്കാലത്ത് റോഡുകളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെടുത്താൻ സംസ്ഥാന ടാസ്‌ക്‌ഫോഴ്‌സിനു കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക സംവിധാനമാണ് കൺട്രോൾ റൂം. മഴക്കാലത്ത് റോഡിൽ രൂപപ്പെടുന്ന കുഴികളും മറ്റും വേഗത്തിൽ അടച്ച് മറ്റ് അപകടസാധ്യതകളെ കുറക്കാനാണ് ഇത്തരമൊരു തീരുമാനം.
നിരത്ത് - നിരത്ത് പരിപാലനം, ദേശീയ പാത, കെ എസ് ടി പി , കെ ആർ എഫ് ബി - പി എം യു എന്നീ വിംഗുകളിലെ ചീഫ് എൻജിനിയർമാർ ഉൾപ്പെടുന്നതാണ് സംസ്ഥാന തല ടാസ്‌ക് ഫോഴ്‌സ്. വിവിധ വിംഗുകളിലെ എക്‌സിക്യൂട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലാണ് ജില്ലാ തല ടാസ്‌ക് ഫോഴ്‌സ്.
പി.എൻ.എക്സ്. 2288/2022

date