Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 31-05-2022

ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കിയവരെ ആദരിക്കുന്നു

 

'അങ്കത്തിനൊരു ഹരിതക്കുട' എന്ന പേരിൽ ജില്ലയിൽ നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ മാതൃകാപരമായി ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാൻ പ്രവർത്തിച്ചവരെ ജില്ലാ ശുചിത്വമിഷൻ ആദരിക്കുന്നു. ജൂൺ ഒന്നിന് ഉച്ച 2.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന അനുമോദന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയാവും.

 

ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പുനക്രമീകരണം

 

മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താൻ സെക്ഷൻ ഓഫീസുകളുടെ ഏരിയ പുനർക്രമീകരിക്കുന്നതിന്റെ ഭാഗമായി ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ നിന്നും മടമ്പം റെഗുലേറ്റർ ബ്രിഡ്ജ്, മടമ്പം ചർച്ച്, അമ്പത്താറ്, കൈവെട്ടിച്ചാൽ, ചകിരി ഫാക്ടറി, മാപ്പിനി, ചെരിക്കോട്, ഐച്ചേരി, അലക്സ് നഗർ എന്നീ ട്രാൻസ്‌ഫോർമറുകളും അനുബന്ധ ലൈനുകളും സർവീസ് കണക്ഷനുകളും പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലേക്ക് മാറ്റി.

ഉപഭോക്താക്കൾ പരമാവധി ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഓഫീസുമായി ബന്ധപ്പെടേണ്ട അവസരങ്ങളിൽ പയ്യാവൂർ ടൗണിൽ എൻ എസ് എസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന അസി. എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടണമെന്നും ശ്രീകണ്ഠാപുരം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മേൽപറഞ്ഞ ട്രാൻസ്‌ഫോർമറുകളിലെ ഉപഭോക്താക്കൾക്ക് ജൂൺ മാസത്തിൽ ഒരു മാസത്തെ ബിൽ നൽകുമെന്നും തുടർന്ന് ആഗസ്റ്റ്, ഒക്ടോബർ എന്നിങ്ങനെ ദ്വൈമാസ ബില്ലിംഗ് തുടരുമെന്നും പയ്യാവൂർ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 04602210550, 9496011120.

 

സംരംഭക ശിൽപ്പശാല 

 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ സംരംഭകർക്കായി ശിൽപ്പശാല നടത്തി. മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി ഷമീമ ടീച്ചർ അധ്യക്ഷയായി. ഉപജില്ലാ വ്യവസായ ഓഫീസർ കെ അരവിന്ദാക്ഷൻ വിഷയാവതരണം നടത്തി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം പി രാജേഷ്, കൗൺസിലർ പി കൗലത്ത്, വ്യവസായ വികസന ഓഫീസർ ജിനു ജോൺ,പി വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. സംരംഭം തുടങ്ങാൻ താൽപ്പര്യമുള്ള നൂറിലധികം പേർ ശിൽപ്പശാലയിൽ പങ്കെടുത്തു.

 

പടം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണ്ണൂർ കോർപ്പറേഷന്റെയും ആഭിമുഖ്യത്തിൽ സംരംഭകർക്കായി നടത്തിയ ശിൽപ്പശാല മേയർ അഡ്വ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

 

മത്സ്യത്തൊഴിലാളി ക്ഷേമം: നിയമസഭാ സമിതി യോഗം ഏഴിന് കണ്ണൂരിൽ

 

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ജൂൺ ആറിന് രാവിലെ 10.30ന് കാസർകോട് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും ജൂൺ ഏഴിന് രാവിലെ 10.30ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും യോഗം ചേരും. കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്ന് സമിതിക്ക് ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും. മത്സ്യ-അനുബന്ധ തൊഴിലാളികളിൽ നിന്ന് പരാതി സ്വീകരിക്കും. സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താൽപര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്തു പരാതികൾ/ അപേക്ഷകൾ സമർപ്പിക്കാം.

 

അപേക്ഷ ക്ഷണിച്ചു

 

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്)  എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിൽ ഒഴിവുള്ള  സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം. അവസാന വർഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ, പൊതു മേഖല, സ്വകാര്യ സ്ഥാപനങ്ങളിൽ ട്രാവൽ ആന്റ് ടൂറിസം ഓപ്പറേഷൻ രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷൻ ഓഫീസർ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലി സാധ്യതകളുണ്ട്. ഫോൺ: 0484- 2401008

 

 

പാലുൽപന്ന നിർമ്മാണ പരിശീലന പരിപാടി

 

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലുൽപന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 13 മുതൽ 26 വരെയാണ് പരിശീലനം. പ്രവേശന ഫീസ് 135 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് പരിശീലന സമയത്ത് ഹാജരാക്കണം. താൽപര്യമുള്ളവർ ജൂൺ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തിരമോ പേര് രജിസ്റ്റർ ചെയ്യണം.

 

തീറ്റപ്പുൽ കൃഷി പരിശീലന പരിപാടി

 

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തീറ്റപ്പുൽ കൃഷി പരിശീലനം നൽകുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ ഒമ്പത്, 10 തീയതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കണം. താൽപര്യമുള്ളവർ ജൂൺ ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി dd-dtc-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495 2414579 എന്ന ഫോൺ നമ്പർ മുഖാന്തരമോ പേര് രജിസ്റ്റർ ചെയ്യണം.

 

താൽപര്യ പത്രം ക്ഷണിച്ചു

 

ഡിടിപിസിയുടെ  ഔദ്യോഗിക വെബ്സൈറ്റ്/സോഷ്യൽ മീഡിയ എന്നിവയുടെ ഉള്ളടക്കം കാര്യക്ഷമമാക്കാൻ കുറിപ്പുകൾ തയ്യാറാക്കാൻ കണ്ടന്റ് റൈറ്റേഴ്സിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. ഡിടിപിസി നിർദേശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും, കണ്ണൂരിന്റ പാരമ്പര്യങ്ങൾ, തനത് കലാരൂപങ്ങൾ, ഭക്ഷണരീതികൾ മുതലായവയെ കുറിച്ചും നേരിട്ട് സന്ദർശിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ 500 വാക്കുകളിൽ കവിയാതെ കുറിപ്പുകൾ തയ്യാറാക്കണം. താൽപര്യപത്രങ്ങൾ ജൂൺ 10 വരെ സ്വീകരിക്കും. താൽപര്യമുള്ളവർ കണ്ണൂർ ജില്ലയെ സംബന്ധിച്ച് മേൽപറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെ കുറിച്ച് 1000 വാക്കുകളിൽ കവിയാത്ത രീതിയിൽ എഴുതി അപേക്ഷയോടൊപ്പം (സ്വയം തയ്യാറാക്കിയത്) സമർപ്പിക്കണം. കൂടാതെ ഒരു വാക്കിന് ലഭിക്കേണ്ടുന്ന കുറഞ്ഞ തുകയും അപേക്ഷയിൽ രേഖപ്പെടുത്തണം. ഫോൺ: 0497 2706336.

 

ലക്ഷ്യ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

 

സംസ്ഥാനത്തെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സിവിൽ സർവ്വീസ് പരിശീലനം നലൽകുന്നതിനായി 2022-23  വർഷത്തെ ലക്ഷ്യ സ്‌കോളർഷിപ്പിന് ജൂൺ 10ന് വൈകിട്ട്  അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം.  ഫോൺ: 0471 2533272. വെബ്സൈറ്റ്: www.icets.org/icsets@gmail.com.

 

സിവിൽ സർവ്വീസ് കോച്ചിങ്

 

കേരള ബീഡി-ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും, ആശ്രിതർക്കും തിരുവനന്തപുരം കിലെ ഐഎഎസ് അക്കാദമിയിൽ കോച്ചിങ് ക്ലാസിലേക്ക് അപേക്ഷിക്കാം.  അടുത്ത ബാച്ച് സിവിൽ സർവ്വീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസാണ് തുടങ്ങുന്നത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. കോഴ്സ് കാലാവധി ഒരു വർഷം. താൽപര്യമുള്ളവർ ബോർഡിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് സഹിതം എക്സിക്യുട്ടീവ് ഡയറക്ടർ,  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് ഓഫീസിൽ ജൂൺ 13 നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോമും www.kile.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2309012.

 

ഫോക്ലോർ അക്കാദമി മ്യൂസിയം അവധി ദിവസങ്ങളിലും തുറക്കും

 

കേരള ഫോക്ലോർ അക്കാദമിയുടെ ചിറക്കൽ ആസ്ഥാനത്തെ

 മ്യൂസിയം ജൂൺ മുതൽ എല്ലാ അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.  രാവിലെ 10.30 മുതൽ വൈകിട്ട് നാല് മണി വരെ വിദ്യാർഥികൾക്ക് മ്യൂസിയം പ്രവേശനത്തിൽ നിലവിലുള്ള ഇളവ് തുടരുമെന്നും  അറിയിച്ചു.

 

'ലക്ഷ്യ 2022 ' മെഗാ ജോബ് ഫെയർ

                 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ  എംപ്ലോയബിലിറ്റി  സെന്ററിന്റെയും മയ്യിൽ ഐ ടി എം  കോളേജിന്റെയും  സംയുക്താഭിമുഖ്യത്തിൽ മയ്യിൽ ഐ ടി എം കോളേജിൽ ജൂൺ 11 ന് 'ലക്ഷ്യ 2022' മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ഐടി, ആരോഗ്യം, ബാങ്കിങ്, എഞ്ചിനീയറിങ്്, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ  തുടങ്ങി നിരവധി തൊഴിൽ അവസരങ്ങൾ പ്രദാനം  ചെയുന്ന മേളയിൽ  പ്രമുഖ സ്വകാര്യ തൊഴിൽ ഉടമകൾ പങ്കാളികളാകും. മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ  tthps://bit.ly/3wHbMGi എന്ന ഗൂഗിൾ  ഫോം ലിങ്ക് മുഖേന ജൂൺ ഒമ്പതിന്  വൈകിട്ട്  അഞ്ച് മണിക്ക് മുൻപായി  പേര്  രജിസ്റ്റർ ചെയ്യണം് .ഫോൺ: 04972 700831.

 

വൈദ്യുതി മുടങ്ങും

 

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്  മുതൽ കക്കംപാലം  വരെയും മൂന്നുനിരത്ത് ഒണ്ടേൻ റോഡ് മുതൽ എ കെ ജി മന്ദിരം വരെയും ജൂൺ ഒന്ന് ബുധൻ രാവിലെ ഏഴ് മുതൽ വൈകിട്ട്  മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഏണ്ടി, ഹാജിമുക്ക്, പട്ടുവം, കരുവേടകം എന്നീ  ട്രാൻസ്ഫോർമർ  പരിധിയിൽ ജൂൺ ഒന്ന് ബുധൻ രാവിലെ എട്ട് മുതൽ  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ  ജയന്തി റോഡ്, ഒയാസിസ്, കുന്നത്ത് കാവ്, എരിഞാറ്റുവയൽ, പോത്തേരി സ്‌കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ ഒന്ന് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ഓടയംപ്ലാവ്, വടക്കേമൂല, കുടിയാന്മല, പൊട്ടൻപ്ലാവ്, കനകക്കുന്ന്, പുറഞ്ചൻ, നരിയൻമാവ് എന്നിവിടങ്ങളിൽ ജൂൺ ഒന്ന് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൊളത്തൂർ, എള്ളരിഞ്ഞി, തട്ടേരി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ, മണിയറ സ്‌കൂൾ, പൂമാലക്കാവ്, ഉണ്ണിമുക്ക് എന്നിവിടങ്ങളിൽ ജൂൺ ഒന്ന് ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഏര്യം ടൗൺ, ഏര്യം ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.

date