Skip to main content
കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു

ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം : മന്ത്രി കെ.രാധാകൃഷ്ണൻ

 

ഉൽപ്പാദനം വർദ്ധിപ്പിക്കുന്നത് കടമയായിക്കണ്ട് വേണം ജനകീയ ഹോട്ടലുകളെ നോക്കിക്കാണാൻ എന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൂടി നാം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന സർക്കാരിന്റെ 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഒരു ശതമാനം പോലും അതിദരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനവും കേരളമാണ്. പട്ടിണിയില്ലാത്ത നാടായി ഇന്ത്യയിൽ അതിവേഗം മാറുന്ന സംസ്ഥാനമാണ് നമ്മുടേത്. ഇത് നിലനിർത്തണമെങ്കിൽ ഭക്ഷ്യോൽപ്പാദനം വർധിപ്പിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. തരിശായി കിടക്കുന്ന മുഴുവൻ ഭൂമിയും കൃഷിയോഗ്യമാക്കണമെന്നും ഞങ്ങളും കൃഷിയിലേക്ക് ഉൾപ്പടെയുള്ള പദ്ധതികൾ ഇതിന് ഉതകുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമാണ് വിശപ്പ് രഹിത കേരളം. പട്ടിണി കിടക്കുന്ന, ഭക്ഷണം കിട്ടാത്ത ഒരാൾ പോലും ഉണ്ടാവാൻ പാടില്ലെന്ന മഹത്തായ സ്വപ്നം. അതിന് പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചെയ്തത്. ആദ്യത്തേത് അനർഹരായ ആളുകളോട് ബിപിഎൽ പരിധിയിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു. ഒട്ടുമിക്ക ആളുകളും ഈ ആഹ്വാനം ഏറ്റെടുത്തിട്ടുണ്ട്. രണ്ടാമത് ജനകീയ ഹോട്ടലുകൾ തുടങ്ങിയതാണ്. മിതമായ നിരക്കിൽ, വിശക്കുന്ന ഓരോ മനുഷ്യനും ഭക്ഷണം നൽകുക എന്നതാണ് ജനകീയ ഹോട്ടലുകളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദേശമംഗലം വില്ലേജിനോട് ചേർന്ന കെട്ടിടത്തിലാണ് ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. പൊതുജനങ്ങൾക്ക് 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്നത് കൂടാതെ പ്രഭാത ഭക്ഷണവും മറ്റു പലഹാരങ്ങളും ഉയർന്ന ഗുണനിലവാരത്തിലും, ഏറ്റവും കുറഞ്ഞ നിരക്കിലും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ജനകീയ ഹോട്ടൽകൊണ്ട് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. എസ്.സി, എസ്.ടി. വയോജനങ്ങൾക്കുള്ള കട്ടിലുകളുടെയും, എസ്.സി, എസ്.ടി. വിദ്യാർത്ഥികൾക്കുള്ള ഫർണ്ണിച്ചറുകളുടെയും വിതരണോദ്ഘാടനവും  മന്ത്രി നിർവഹിച്ചു.

ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  വൈസ് പ്രസിഡന്റ് ജുമൈലത്ത് സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്തംഗം പി.സാബിറ, ദേശമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  പി പുഷ്പജ, മറ്റ് ജനപ്രതിനിധികൾ,  വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date