Skip to main content
ലോക പുകയിലരഹിത ദിനാചരണം 2022 സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു

പുകയിലക്കെതിരെ പോരാടാന്‍ ജില്ലയില്‍ 25 ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകള്‍

 

ലോക പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു

ലോക പുകയിലരഹിത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശൂര്‍ ജില്ലയിലെ 25 സബ് സെന്ററുകളിലെ ടുബാക്കോ സെസേഷന്‍ ക്ലിനിക്കുകളുടെ ഉദ്ഘാടനവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പുകയിലയുടെ ഉപയോഗം രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനും കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നതായും സബ് സെന്റര്‍ തലത്തില്‍ തുടങ്ങുന്ന ക്ലിനിക്കുകള്‍ ഈ വിഷയത്തില്‍ ഊന്നല്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ 15 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ തോതില്‍ വര്‍ധനവ് വന്നതായി കണക്കുകള്‍ കാണിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും മന്ത്രി സൂചിപ്പിച്ചു. തൃശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. 

ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് സംസ്ഥാന ആരോഗ്യവകുപ്പ് പുകയില നിവാരണ ക്ലിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുന്നത്. ജില്ലയിലെ പുകയില നിവാരണ ക്ലിനിക്കുകളായ ബ്രേക്ക് ഓഫിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ 19 കോളേജുകളെ പുകയില വിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി അഡീഷണല്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അബ്ദുള്‍ ഖാദര്‍ പ്രഖ്യാപിച്ചു. ദിനാചരണ പ്രതിജ്ഞ സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ സിസ്റ്റര്‍ മാഗി ജോസ് ചൊല്ലി കൊടുത്തു. ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ഡോ മനു എം എസ് വിഷയാവതരണം നടത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ട്രെയിനിംഗ്) ഡോ കെ ജെ റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ റെജി ജോയ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, അക്കിക്കാവ് പി.എസ്.എം ഡെന്റല്‍ കോളേജ് ഓഫ് സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ.വിനോദ് കുമാര്‍ ബി. ആര്‍, കെവിഎച്ച്എസ് ഡയറക്ടര്‍ സാജു വി ഇട്ടി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പുകയില വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു.

date