Skip to main content
ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി വിവിധ കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുമായി ആശയവിനിമയം

കേന്ദ്ര പദ്ധതി  ഗുണഭോക്താക്കളുമായി  പ്രധാനമന്ത്രി ആശയവിനിമയം നടത്തി

 

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഫലങ്ങള്‍ നേരിട്ടറിയാനും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായാനുമായി പ്രധാനമന്ത്രി ദേശീയ തലത്തിൽ സംഘടിപ്പിച്ച ആശയവിനിമയ പരിപാടി ജില്ലയിലും വിപുലമായി നടന്നു. ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തത്സമയ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുമായി സംവദിച്ചു. 

 തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി  ആശയവിനിമയം നടത്തിയത്. ആസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി രാജ്യ വ്യാപകമായി നടന്ന സംവാദപരിപാടിയിൽ ഷിംലയില്‍ നിന്നാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങൾ, അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ കാര്യങ്ങൾ പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി ചോദിച്ചറിഞ്ഞു. 

13 കേന്ദ്ര പദ്ധതികളുടെ  350 ഓളം ഗുണഭോക്താക്കളാണ് ജില്ലാതല പരിപാടിയിൽ സംബന്ധിച്ചത്.  പ്രധാന്‍മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍, അര്‍ബന്‍), പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജന, പോഷണ്‍ അഭിയാന്‍, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍, അര്‍ബന്‍), ജല്‍ ജീവന്‍ മിഷന്‍-അമൃത്, പ്രധാന്‍ മന്ത്രി സ്വനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍, പ്രധാന്‍ മന്ത്രി മുദ്ര യോജന എന്നീ പദ്ധതികളുടെ ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായി. സഹായം ആവശ്യമുള്ള മനുഷ്യന് മുൻഗണനാ ക്രമത്തിൽ അത് എത്തിച്ചു നൽകുക എന്നത് സർക്കാരുകളുടെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ 
സാധിച്ചു കൊടുക്കേണ്ട ബാധ്യത സർക്കാരുകൾക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.  ജില്ലാ കലക്ടർ ഹരിത വി കുമാർ പ്രധാന  കേന്ദ്ര പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളെ കുറിച്ചുള്ള വീഡിയോ ഡോക്യുമെൻ്ററികൾ പരിപാടിയിൽ പ്രദർശിപ്പിച്ചു.
മേയർ എം കെ വർഗീസ്, ബ്ലോക്ക്‌ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ വി നഫീസ, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബെന്നി ജോസഫ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബി എൽ ബിജിത്ത്, ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത, ജില്ലയിലെ വിവിധ കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് ചുമതയുള്ള മറ്റ് ഉദ്യോഗസ്ഥർ, കോര്‍പറേഷന്‍-നഗരസഭ അധ്യക്ഷന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍,  സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങള്‍,  ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date