Skip to main content

വടക്കാഞ്ചേരിയിൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി അനുവദിച്ചു

 

സംസ്ഥാനത്ത് പുതുതായി  അനുവദിച്ച 28 അതിവേഗ പോക്സോ കോടതികളിൽ ഒന്ന് വടക്കാഞ്ചേരിയിലും. ബലാത്സംഗ കേസുകളും പോക്സോ നിയമപ്രകാരമുള്ള കേസുകളും അതിവേഗം തീർപ്പുകൽപ്പിക്കുന്നതിനായുള്ള സ്പെഷ്യൽ കോടതിയാണ് ആരംഭിക്കുന്നത്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതിയും, എം എ സി ടി കോടതിയും പോക്സോ കോടതിയും കുടുംബ കോടതിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ സബ്മിഷൻ ഉന്നയിച്ചിരുന്നു. പോക്സോ കോടതി പരിഗണിക്കാമെന്നും സബ് കോടതിയുടെ മുൻഗണനാ പട്ടികയിൽ വടക്കാഞ്ചേരി മൂന്നാം സ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സബ്മിഷന് മറുപടിയായി പറഞ്ഞിരുന്നു. തുടർന്ന് 28 ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതികൾ കേരളത്തിൽ അനുവദിച്ച ഘട്ടത്തിൽ വടക്കാഞ്ചേരിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ശക്തമായ നീതിനിർവ്വഹണം കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിനായുള്ള  സർക്കാരിൻ്റെ ശ്രമങ്ങളെ സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ അഭിനന്ദിച്ചു. വടക്കാഞ്ചേരിയെ പരിഗണിച്ചതിലുള്ള നന്ദിയും അദ്ദേഹം പ്രകാശിപ്പിച്ചു.

date