Skip to main content

പൊതുഭരണ നിർവഹണം: മികച്ച പ്രവർത്തനങ്ങൾക്ക് നടുവണ്ണൂർ പഞ്ചായത്തിന് ആദരം 

 

 

 

2021-22 വാർഷിക പദ്ധതി വിനിയോഗത്തിലും പൊതുഭരണ നിർവഹണത്തിലും ജില്ലയിൽ മികച്ച നിലവാരം പുലർത്തിയ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിനെ ആദരിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന മേഖലയിൽ അനുവദിച്ച ഫണ്ട് മുഴുവൻ ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുമ്പോൾ അത് കൂട്ടായ പ്രവർത്തനങ്ങളുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. കെ. എം. സച്ചിൻ ദേവ് എം. എൽ. എ അധ്യക്ഷത വഹിച്ചു.

കെട്ടിട നികുതി, ലൈസൻസ് ഫീസ് എന്നിവയുടെ പിരിവിൽ 100 ശതമാനം വിജയം കൈവരിക്കാനും പഞ്ചായത്തിന് സാധിച്ചു. വികസന മേഖലയിൽ അനുവദിച്ച മുഴുവൻ ഫണ്ടും ചെലവഴിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വൻ മുന്നേറ്റമാണ് കഴിഞ്ഞവർഷം പഞ്ചായത്തിൽ ഉണ്ടായത്. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. 

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ,  ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അസ്സി.സെക്രട്ടറി സിബിൻ, സി. ഡി. എസ് ചെയർപേഴ്സൺ യശോദ തെങ്ങിട, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം ശശി സ്വാഗതവും ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി. അച്യുതൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

date