Skip to main content

ജില്ലാതല സ്കൂൾ പ്രവേശനോത്സവം കച്ചേരിക്കുന്ന് ഗവ. എൽ.പി സ്കൂളിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും 

 

 

ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് (ജൂൺ ഒന്ന്) മാങ്കാവ് കച്ചേരിക്കുന്ന് ഗവ. എൽ.പി സ്കൂളിൽ നടക്കും. പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയാകും. മേയർ ബീന ഫിലിപ്പ്, എം.കെ. രാഘവൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയവർ പങ്കെടുക്കും.

കൊവിഡ് അതിജീവനത്തിന് ശേഷമുള്ള പുതിയ അധ്യയന വർഷത്തിൽ  വിദ്യാർഥികളെ വരവേൽക്കാൻ ജില്ലയിലെ പൊതുവിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്വീകരിക്കാൻ  വർണാഭമായ ഒരുക്കങ്ങളാണ് സ്കൂളുകളിൽ നടന്നുവരുന്നത്. സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ജില്ലയിൽ യൂണിഫോം, പാഠപുസ്തക വിതരണവും പൂർത്തിയായി. 

സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, പെയിന്റിങ് എന്നിവ പൂർത്തീകരിച്ചു. കിണർ, വാട്ടർ ടാങ്ക്, അടുക്കള എന്നിവ ശുചീകരിച്ച് അണുവിമുക്തമാക്കി.സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയാക്കിക്കഴിഞ്ഞു. സ്‌കൂൾ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചു നീക്കലും ബന്ധപ്പെട്ട പ്രവർത്തനങ്ങളും പൂർത്തിയായി. പന്ത്രണ്ട് മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ എടുക്കാനായി നടത്തിയ ക്യാമ്പ് ജില്ലയിലെ പരമാവധി കുട്ടികൾ പ്രയോജനപ്പെടുത്തി.

date