Skip to main content

മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ മിത്ര ഹിറ്റ്, സ്റ്റാള്‍ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി

എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സ്റ്റാളില്‍ പരിചയപ്പെടുത്തുന്ന സുരക്ഷാ മിത്ര ആപ്ലിക്കേഷന്‍ ഏവര്‍ക്കും പുതിയ അനുഭവമായി. ചൊവ്വാഴ്ച ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു സ്റ്റാളിലെത്തി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടു.  
ജി.പി.എസ് സംവിധാനം വഴി പൊതു ഗതാഗതത്തിനുള്ള വാഹനങ്ങളുടെ വേഗം, സ്ഥാനം, മറ്റു വിശദാംശങ്ങള്‍ എന്നിവ ശേഖരിക്കുന്ന സുരക്ഷാമിത്ര ആപ്ലിക്കേഷന്‍ റോഡ് സുരക്ഷയുടെ ആണിക്കല്ലായി മാറും. ചെറുവാഹനങ്ങള്‍ മുതല്‍ ജി.പി.എസ് ഘടിപ്പിക്കുന്നതോടെ വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ലഭ്യമായിത്തുടങ്ങും. അപായ ഘട്ടങ്ങളില്‍ വാഹനത്തിലുള്ളവര്‍ക്ക് ആപ്ലിക്കേഷനിലുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ വിശദവിവരങ്ങളും വാഹനം നിലവിലുള്ള സ്ഥലവും കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. വകുപ്പിന് പിന്നീട് തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാകും.
സുരക്ഷിത യാത്ര ഉറപ്പാക്കുന്നതില്‍ പ്രധാന ഘടകമായ 'വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റ'ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലൈവ് സ്‌ക്രീന്‍ വഴി കാണികള്‍ക്ക് ഉദ്യോഗസ്ഥര്‍ വിശദീകരിച്ച് നല്‍കുന്നുമുണ്ട്. സ്റ്റാള്‍ സന്ദര്‍ശിച്ച മന്ത്രി ആന്റണി രാജുവിനൊപ്പം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍ എന്നിവരുമുണ്ടായി. രാംജി കെ കരണിന്റെ സംവിധാനത്തില്‍ റോഡ് സുരക്ഷാ നിര്‍ദേശങ്ങളെ കുറിച്ച് പറയുന്ന 'അറിഞ്ഞോടിക്കാം'  സീരീസിന്റെ ആദ്യ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

date