Skip to main content

ആശ്രിതനിയമനം വഴി ജോലി ലഭിച്ച മരുമകൾ വൃദ്ധമാതാവിനെ സംരക്ഷിച്ചില്ല- ജീവനാംശത്തുക ശമ്പളത്തിൽ നിന്നും ഈടാക്കി നൽകാൻ മൂവാറ്റുപുഴ മെയിന്റനൻസ് ട്രൈബ്യുണൽ ഉത്തരവ്

 

മൂവാറ്റുപുഴ : ആശ്രിതനിയമനം വഴി ജോലി ലഭിച്ച മരുമകൾ വൃദ്ധമാതാവിനെ സംരക്ഷിക്കാത്ത സാഹചര്യത്തിൽ മുതിർന്ന പൗരയുടെ സംരക്ഷണം ഉറപ്പാക്കാൻ ജീവനാംശത്തുക ശമ്പളത്തിൽ നിന്നും ഈടാക്കി നൽകാൻ മൂവാറ്റുപുഴ മെയിന്റനൻസ് ട്രൈബ്യുണൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കി ബാങ്ക് അധികൃതർ.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം മുവാറ്റുപുഴ മെയിന്റനൻസ് ട്രൈബ്യുണലിൽ ലഭിച്ച പരാതിയിന്മേൽ ആണ്  72 വയസുള്ള വയോധികക്ക് നീതി ലഭിച്ചത്.ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്ന തന്റെ മകൻ മരണപ്പെട്ട് ശേഷം മകന്റെ ജോലി ആശ്രിതനിയമനം വഴി ഭാര്യക്ക് ലഭിക്കുകയായിരുന്നു. എന്നാൽ പിന്നീട് മരുമകൾ ഭർതൃമാതാവിനു യാതൊരു സംരക്ഷണവും നൽകാതിരിക്കുകയും  സ്വന്തം ഇഷ്ടപ്രകാരം സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയ വൃദ്ധമാതാവ്  തന്റെ പ്രശ്നത്തിന് ഒരു പരിഹാരം കാണാൻ മൂവാറ്റുപുഴ മെയിന്റനൻസ് ട്രൈബ്യുണലിൽ പരാതി സമർപ്പിക്കുകയായിരുന്നു. പരാതിയിൽ വിചാരണ നടത്തിയ ട്രൈബ്യുണൽ  പ്രതിമാസം ഭർതൃമാതാവിന് ഒരു നിശ്ചിത തുക ജീവനാംശമായി നൽകാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ മെയിന്റനൻസ് ട്രൈബ്യുണൽ നൽകിയ ഉത്തരവ് മരുമകൾ പാലിക്കപ്പെടാതെ വന്നത് ശ്രദ്ധയിൽപ്പെട്ടത്തോടെ  ആശ്രിത നിയമനം ലഭിച്ച മരുമകളുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും തുക ഈടാക്കാൻ ബാങ്ക് അധികൃതർക്ക് ട്രൈബ്യുണൽ നിർദ്ദേശം നൽകുകയായിരുന്നു.ആയത്  ബാങ്ക് അധികൃതർ നടപ്പാക്കുകയും ചെയ്തതോടെ മുതിർന്ന പൗരയുടെ ആവശ്യം നിറവേറ്റപെടുകയും ചെയ്തു.

മുതിർന്ന പൗരൻമാരുടെ പരാതികൾ വർധിച്ചു വരുന്നതായും എന്നാൽ "മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007" പ്രകാരം കാര്യക്ഷമമായി പരാതി പരിഹാരം കാണാൻ ശ്രമിക്കാറുണ്ട് എന്നു മൂവാറ്റുപുഴ ആർ.ഡി.ഓ. അനി പി എൻ പറഞ്ഞു.

മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മതിയായ സംരക്ഷണം, പരിചരണം ലഭിക്കാതെ ഒട്ടനവധി പരാതികൾ ട്രൈബ്യൂണലുകളിൽ ലഭിക്കുന്നുണ്ട്. വയോജന സംരക്ഷണം സാമൂഹിക ഉത്തരവാദിത്വമാണെന്ന് തിരിച്ചറിവ് സമൂഹത്തിനുണ്ടാവണം. കുടംബങ്ങളിൽ നിന്ന് തന്നെ അതിന്റെ പ്രാധാന്യം വരും തലമുറകൾ മനസിലാക്കണം മെയിന്റനൻസ്  ട്രൈബ്യൂണൽ ടെക്നിക്കൽ അസിസ്റ്റന്റ് അനു. എസ്  അഭിപ്രായപ്പെട്ടു.

date