Skip to main content
മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനോത്സവം  സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുന്നു

മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഉന്നത നിലവാരത്തിലേയ്ക്ക് ഉയരണം : മന്ത്രി കെ. രാധാകൃഷ്ണൻ 

 

സംസ്ഥാനത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഉന്നത നിലവാരത്തിലേയ്ക്ക് ഉയരണമെന്ന് പട്ടികജാതി- പട്ടികവർഗ - പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന സ്കൂളുകളായി മാറാൻ എം ആർ എസുകൾക്ക് കഴിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൻ സ്കൂളുകളിലെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ  നിർവഹിക്കുകയായിരുന്നു  അദ്ദേഹം. 

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം ഉന്നത നിലവാരത്തിലുള്ളതാണ്. പഠന നിലവാരവും മെച്ചപ്പെട്ടു. നിലവാരമുള്ള വിദ്യാലയങ്ങൾ തൊട്ടടുത്തുള്ളപ്പോൾ എം ആർ എസുകളിലേയ്ക്ക് കുട്ടികളെ ഇനി പറഞ്ഞു വിടേണ്ടതുണ്ടോ എന്ന് രക്ഷിതാക്കൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് സ്കൂളുകളെക്കാൾ നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകിയെങ്കിൽ മാത്രമേ ഇവിടേയ്ക്ക് കുട്ടികൾ എത്തു എന്നും മന്ത്രി പറഞ്ഞു. 

ഏറ്റവും പാവപ്പെട്ട കുട്ടികൾക്കടക്കം ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പഠിക്കാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കുന്നത്. എം ആർ എസുകളും ആ നിലവാരത്തിലേയ്ക്ക് ഉയരണം. ചില എംആർഎസുകളുടെ നിലവാരം ഇനിയും ഉയരേണ്ടതുണ്ട്.  പഠന നിലവാരവും കൂടുതൽ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കണം - അദ്ദേഹം ചൂണ്ടിക്കാട്ടി. 

മെച്ചപ്പെട്ട വിദ്യാഭ്യാസം പാവപ്പെട്ട കുട്ടികൾക്ക് നൽകിക്കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് എം ആർ എസ് എന്ന സങ്കൽപ്പം തന്നെ ഉണ്ടാക്കിയെടുത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൻ സ്കൂളുകളിൽ ഉത്സവാന്തരീക്ഷത്തിലാണ് പ്രവേശനോത്സവങ്ങൾ  സംഘടിപ്പിച്ചത്. പീരുമേട് എം ആർ എസിൽ  പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എം ജി രാജമാണിക്യം, വെള്ളച്ചാൽ എം ആർ എസിൽ കാസർകോട് സബ് കലക്ടർ മേഘശ്രീ, ആലുവ എം ആർ എസിൽ എറണാകുളം റൂറൽ എസ്.പി കെ കാർത്തിക്  തുടങ്ങിയവർ പങ്കെടുത്തു. 

തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ജില്ലാ പട്ടികജാതി വികസന ഓഫീസർ ലിസ ജെ മങ്ങാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ ആശാദേവി , സ്കൂൾ ഹെഡ്മാസ്റ്റർ ടി ജി  സജി, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു.

date