Skip to main content

മക്കള്‍ക്ക് കൃഷി പാഠങ്ങള്‍ ചൊല്ലി കൊടുത്ത് മന്ത്രി പി. പ്രസാദ്

എന്റെ കേരളം മെഗാ പ്രദര്‍ശന മേള കാണാന്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എത്തിയത് മക്കളോടൊപ്പം. കൃഷി വകുപ്പ് സ്റ്റാളില്‍ ഒരുക്കിയ കൃഷി പാഠങ്ങള്‍  മക്കള്‍ക്ക് ചൊല്ലി കൊടുത്ത മന്ത്രി സംയോജിത മാതൃകാ കൃഷിത്തോട്ടത്തിലും ഏറുമാടത്തിലുമെല്ലാം   അവരോടൊപ്പം ഏറെ നേരം  ചിലവഴിച്ചു. ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്നതിനായി അവലംബിക്കാവുന്ന മാര്‍ഗങ്ങളെ പരിചയപ്പെടുത്തുന്ന പ്രദര്‍ശന സ്റ്റാള്‍ വലിയ രീതിയില്‍ ജനശ്രദ്ധ നേടിയിരുന്നു. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കാനുള്ള ഏകമാര്‍ഗം കൃഷിയിലേക്കുള്ള  കാല്‍വെയ്പ്പാണെന്നും ഇതിന് ആശ്രയിക്കാവുന്ന ഏറ്റവും നല്ല കൃഷി രീതി സംയോജിത കൃഷിത്തോട്ടമാണെന്നും മന്ത്രി പറഞ്ഞു.

വിഷരഹിതമായ ഭക്ഷണം ശീലമാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ പതിനായിരത്തോളം കൃഷിയിടങ്ങളും ഇരുപതിനായിരത്തിലധികം കൃഷിക്കൂട്ടങ്ങളും കേരളത്തില്‍ സൃഷ്ടിക്കാനായി. ആരോഗ്യ ജീവിതം ഉറപ്പു വരുത്തുന്ന ഇത്തരം സംയോജിത കൃഷിയിലൂടെ ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും വകുപ്പിന് സാധിച്ചുവെന്നും  അദ്ദേഹം പറഞ്ഞു. വ്യാപാരികളെ  അഭിവാദ്യം ചെയ്ത് അവരില്‍ നിന്നും കൃഷിയുത്പന്നങ്ങള്‍  വാങ്ങിയ മന്ത്രി ഫുഡ്‌ കോർട്ടിലെ ഭക്ഷണവും ആസ്വദിച്ചാണ് മടങ്ങിയത്.

date