Skip to main content

ജില്ലയില്‍ ആദ്യദിനം 24,367 കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് എത്തി

പാട്ടും കളിയും ചിരിയുമായി കുരുന്നുകൾ വീണ്ടും സ്‌കൂളിലെത്തി. കൊവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ പൂർണ തോതില്‍ തുറന്നപ്പോൾ ആഘോഷത്തോടെയാണ് വിദ്യാലയങ്ങളില്‍ കുട്ടികളെ വരവേറ്റത്. ഉപജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ജില്ലയിൽ  പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. ആദ്യ ദിനം  ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ 24,367 കുട്ടികളാണ്  ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയത്.  കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷവും കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ ചേരുന്നതായാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍.എസ് പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം 21,411 വിദ്യാര്‍ഥികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ സ്ഥാനത്ത് 24,367 വിദ്യാര്‍ഥികളാണ് ഈ വർഷം എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വര്‍ധന. രണ്ടുമുതല്‍ 10 വരെ ക്ലാസുകളിലും കുട്ടികള്‍ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്.

ഹയര്‍ സെക്കണ്ടറി വിഭാഗം ഒഴികെ 2,98,000 കുട്ടികളാണ് നിലവില്‍ ജില്ലയില്‍ ഉള്ളത്. ഈ വര്‍ഷം പ്രീപ്രൈമറിയും ഹയർസെക്കൻഡറി വിഭാഗവും ഒഴികെ 2,92,000 വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളിലേക്ക് എത്തി. മറ്റു സിലബസുകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം മറ്റ് സിലബസുകളിൽ നിന്ന് 5152 കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് എത്തിയത്.

date