Skip to main content

വിദ്യാലയങ്ങളിലെത്തുന്നത് കോവിഡ് കാലം കൂട്ടിലിട്ട കിളികൾ: ടി പത്മനാഭൻ

ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം

 

ആകാശം പോലും വ്യക്തമായി കാണാനാകാതിരുന്ന രണ്ടു വർഷക്കാലം കൂട്ടിലിട്ട കിളികളാണ് അറിവിന്റെ വെളിച്ചത്തിലേക്ക് വന്നിരിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം അരോളി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറം ലോകത്തെ കാഴ്ചകളും അധ്യാപകരുടെയും കൂട്ടുകാരുടെയും സാന്നിദ്ധ്യവുമില്ലാതിരുന്ന ഓൺലൈൻ പഠനത്തിന്റെ മുഷിപ്പൻ ദിനങ്ങളായിരുന്നു കുട്ടികൾക്കുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. ചങ്ങാതിമാരേ, എന്ന് അഭിസംബോധന ചെയ്താണ് കഥയുടെ കുലപതി നവാഗതരോട് സംവദിച്ചത്. 'വിട്ടയക്കുക കൂട്ടിൽ നിന്നെന്നെ, ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടേ' എന്ന പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ കവിതാ ശകലവും അദ്ദേഹം കുട്ടികൾക്കായി ചൊല്ലി.

ദരിദ്രരായവർ പഠിക്കേണ്ട എന്ന പഴയ നിലപാടുകൾ മാറി. ഇന്നത്തെ കുട്ടികൾ ഭാഗ്യവാന്മാരാണ്. സർക്കാർ നൽകുന്ന പുസ്തകങ്ങളും യൂനിഫോമും ഉച്ചഭക്ഷണവും വാഹന സൗകര്യവും ഇന്നുണ്ട്. കടുത്ത സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും കോടികൾ ചെലവഴിച്ച് ആധുനിക രീതിയിലുള്ള കെട്ടിടങ്ങളും പഠന സൗകര്യങ്ങളുമാണ് സർക്കാർ ഒരുക്കിത്തരുന്നത്. നല്ല പ്രവൃത്തിയിലൂടെയാണ് ഓരോ വിദ്യാർഥിയും നാളെ ആ കടം വീട്ടേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കെട്ടിടങ്ങളും സൗകര്യങ്ങളും മാത്രമല്ല, മഹത്തായ ഗുരുശിഷ്യ ബന്ധം ഉണ്ടാക്കുക എന്നതും പ്രധാനമാണ്. ആ സ്‌നേഹം സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അക്ഷരദീപം തെളിയിച്ചു കൊണ്ടായിരുന്നു പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം. 

ജില്ലയിലെ 1302 വിദ്യാലയങ്ങളിലാണ് പ്രവേശനോത്സവം നടന്നത്. ഇരുപതിനായിരത്തോളം കുരുന്നുകളാണ് ആദ്യമായി സ്‌കൂളുകളിലേക്കെത്തിയത്. അരോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ 28 പേരാണ് ഇക്കുറി ഒന്നാംതരത്തിൽ പ്രവേശനം നേടിയത്. കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, എൻ എം എം സ്‌കോളർഷിപ്പ് നേടിയ കെ അക്ഷര എന്നിവർക്ക് ടി പത്മനാഭൻ ഉപഹാരം നൽകി. 

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സ്വാഗതമാശംസിച്ചു. സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം മിഥുൻരാജ് വിശിഷ്ടാതിഥിയായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സി മനോജ് കുമാർ പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി,  കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി വി അജിത, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ശോഭന, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റർ ഇ സി വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ കെ വിനോദ് കുമാർ, കൈറ്റ് ജില്ലാ കോ-ഓഡിനേറ്റർ വി സുപ്രിയ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സതീഷ് ബാബു, പാപ്പിനിശ്ശേരി എഇഒ പി വി വിനോദ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ കെ വി സുരേന്ദ്രൻ, പ്രധാനാധ്യാപിക എ സി സുജിത, വിഷൻ ട്വന്റി ട്വന്റി ചെയർമാൻ കെ നാരായണൻ, വൈസ് ചെയർമാൻ എൽ വി മുഹമ്മദ്, കൺവീനർ കെ സി മഹേശൻ, പാപ്പിനിശ്ശേരി ഉപജില്ല ബിപിസി  എം പി റീജ, പിടിഎ പ്രസിഡണ്ട് ടി അജയൻ, മദർ പിടിഎ പ്രസിഡണ്ട് കെ വി അരുണ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം മനോജ് കുമാർ ,അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വടക്കൻസ് കണ്ണൂരിന്റെ മാമാങ്കം നാടൻ കലാമേളയും അരങ്ങേറി

date